സംസ്ഥാനത്ത് ചൂടിന് ശമനമില്ല. ഉഷ്ണ തരംഗത്തിന് സമാനമായ സാഹചര്യം തുടരും. ജാഗ്രത നിര്‍ദേശം നിലനില്ക്കും. എന്നാല്‍ ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. ഓട്ടോമാറ്റിക്ക് വെതര്‍ സ്റ്റേഷന് കണക്ക് പ്രകാരം പാലക്കാട് എരിമയൂരില്‍ ഇന്നലെ 44.9 ഡിഗ്രി സെല്‍ഷ്യസാണ് ഉയര്‍ന്ന താപനിലയായി രേഖപ്പെടുത്തിയത്. ഉത്തരേന്ത്യയിലെ ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യമാണ് കേരളത്തിലും ചൂട് കൂടാന്‍ കാരണം.
പകല്‍ 11 മണി മുതല്‍ മൂന്ന് വരെ സൂര്യപ്രകാശം തുടര്‍ച്ചയായി ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു. ജലം പാഴാക്കാതെ ഉപയോഗിക്കാനും വേനല്‍ മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക. വേനല്‍ ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്.
വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും നിര്‍ദേശമുണ്ട്.