സുരക്ഷയുടെ പേരില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച് അയല്‍വാസിയുടെ കാര്യങ്ങളില്‍ ഇനി അനാവശ്യമായി ഇടപെടാന്‍ അനുവദിക്കരുതെന്ന് ഹൈക്കോടതി. സിസിടിവി വെക്കുന്ന കാര്യത്തില്‍ സംസ്ഥാന പൊലീസ് മേധാവി സര്‍ക്കാരുമായി കൂടിയാലോചിച്ച് മാര്‍ഗനിര്‍ദേശമിറക്കണമെന്നും ജസ്റ്റിസ് വി ജി അരുണ്‍ അറിയിച്ചു.
എറണാകുളം ചേരനെല്ലൂര്‍ സ്വദേശിനിയായ ആഗ്നസ് മിഷേല്‍ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് വി ജി അരുണിന്റെ ഉത്തരവ്. അയല്‍വാസി സ്ഥാപിച്ച സിസിടിവി ക്യാമറ ഫോക്കസ് ചെയ്യുന്നത് തന്റെ വീട്ടിലേക്കാണെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി. തന്റെ വീടും പരിസരവും നിരീക്ഷിക്കുന്ന വിധമാണ് അയല്‍വാസി ക്യാമറ സ്ഥാപിച്ചിരിക്കുന്നതെന്നും ആഗ്നസ് ഹര്‍ജിയില്‍ പറഞ്ഞു.
ഹര്‍ജിക്കാരിയുടെ അയല്‍വാസിയായ രാജു ആന്റണി, ചേരാനെല്ലൂര്‍ പഞ്ചായത്ത്, പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവര്‍ക്ക് നോട്ടീസ് നല്‍കാനും ഉത്തരവില്‍ പറയുന്നു. ഹര്‍ജിയുടെ പകര്‍പ്പ് ഡിജിപിക്ക് നല്‍കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഒരുമാസം കഴിഞ്ഞ് ഹര്‍ജി വീണ്ടും പരിഗണിക്കാനായി മാറ്റിവെച്ചു.
തന്റെ വീടിനു സമീപത്തായി സ്ഥാപിച്ച സിസിടിവി ക്യാമറ സ്വകാര്യതയുടെ ലംഘനമാണെന്നായിരുന്നു പരാതിക്കാരി ചൂണ്ടിക്കാട്ടിയത്. സിസിടിവിയുടെ കാര്യത്തില്‍ മാര്‍ഗനിര്‍ദേശം അനിവാര്യമാണെന്ന് കോടതി പറഞ്ഞു. സംസ്ഥാന പൊലീസ് മേധാവിയെ ഇതിനായുളള നിര്‍ദേശങ്ങള്‍ നല്‍കാനായി സ്വമേധയാ കക്ഷിചേര്‍ത്തിട്ടുണ്ട്.