Monday, November 25, 2024

ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന തടവുകാര്‍ക്ക് എല്‍എല്‍ബി പഠിക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി

രണ്ട് ജയില്‍ തടവുകാര്‍ക്ക് എല്‍എല്‍ബി പഠിക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി. കൊലക്കേസിലുള്‍പ്പടെ പ്രതികളായി ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നവരുടെ എല്‍എല്‍ബി പഠനത്തിനാണ് അനുമതി നല്‍കിയത്. ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

തടവുശിക്ഷ കൊണ്ട് പ്രതികളില്‍ ഉദ്ദേശിക്കുന്ന പരിവര്‍ത്തനത്തിന് വിദ്യാഭ്യാസം സഹായകമാകുമെന്ന് ഹൈക്കോടതി പരാമര്‍ശിച്ചു. സമൂഹത്തിന്റെ ഭാഗമാണെന്ന തോന്നല്‍ തടവുകാരില്‍ ഉണ്ടാക്കാന്‍ വിദ്യാഭ്യാസത്തിന് കഴിയും. തടവിലെ സമയം ഫലപ്രദമായി വിനിയോഗിക്കുന്നതിനും ഇതു വഴിയൊരുക്കും. അഭിമാനത്തോടെ ജീവിക്കാനുള്ള അവകാശം എല്ലാ മനുഷ്യര്‍ക്കുമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

കണ്ണൂര്‍ ചീമേനിയിലെ തുറന്ന ജയിലിലെ സുരേഷ്ബാബു, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ വി. വിനോയ് എന്നിവര്‍ പഠനത്തിനായി ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ഓണ്‍ലൈനായി പഠനം നടത്താനുള്ള അനുമതി നല്‍കുകയായിരുന്നു. നിലവില്‍ എല്‍എല്‍ബി ഓണ്‍ലൈനായി ചെയ്യാനുള്ള നിയമസാധുതയില്ലെങ്കിലും കോടതിയുടെ അനുമതി ലഭിച്ചാല്‍ ഓണ്‍ലൈനായി അഡ്മിഷന്‍ നല്‍കാന്‍ സാധിക്കുമെന്നും കാലിക്കറ്റ് സര്‍വ്വകലാശാലയിലെയും എംജി സര്‍വ്വകലാശാലയിലെയും അധ്യാപകര്‍ അറിയിച്ചു.

ഇരുവരും 2023-24 അധ്യയനവര്‍ഷത്തെ എല്‍.എല്‍.ബി പ്രവേശനത്തിനുള്ള പ്രവേശനപരീക്ഷ വിജയിച്ചിരുന്നു. മൂന്നുവര്‍ഷത്തെ കോഴ്സിന് സുരേഷ് ബാബുവിന് മലപ്പുറം കെ.എം.സി.ടി. ലോ കോളേജിലും വിനോയിക്ക് അഞ്ചുവര്‍ഷത്തെ കോഴ്‌സിന് പൂത്തോട്ട ശ്രീനാരായണ ലോ കോളേജിലുമാണ് പ്രവേശനം ലഭിച്ചത്. ഫീസടയ്ക്കാനുള്ള നടപടികള്‍ക്കായി സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാനും പ്രവേശനം പൂര്‍ത്തിയാക്കാനും കോടതി ഇരുവരുടെയും ബന്ധുക്കളോട് നിര്‍ദേശിച്ചു.

 

Latest News