ഭക്ഷണ വസ്തുക്കളുടെ പാക്കറ്റില്‍ അത് തയ്യാറാക്കിയ തീയതിയും സമയവും നിര്‍ബന്ധമായും രേഖപ്പെടുത്തണമെന്ന് ഹൈക്കോടതി. കാസര്‍കോട് സ്വദേശിനിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ദേവനന്ദയുടെ അമ്മ നല്‍കിയ പരാതി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. വിദ്യാര്‍ത്ഥിനി അടുത്തിടെയാണ് ഷവര്‍മ്മ കഴിച്ചതിനെ തുടര്‍ന്ന് മരണപ്പെട്ടത്.
പാഴ്സല്‍ മുഖേനയോ അല്ലാതെയോ വാങ്ങുന്ന ഭക്ഷണ വസ്തുക്കക്കളിലും സമയവും തീയതിയും കുറിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശമുണ്ട്. ഇതു സംബന്ധിച്ചുള്ള കാര്യങ്ങള്‍ ഹോട്ടലുകളില്‍ കൃത്യമായി നടക്കുന്നുണ്ടോയെന്ന് പരിശോധിച്ച് നടപടികള്‍ സ്വീകരിക്കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്കും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.
ഷവര്‍മ്മ കഴിച്ചാണ് തന്റെ മകള്‍ മരിച്ചതെന്നും ഇതില്‍ നടപടികള്‍ കൈക്കൊണ്ട് തനിക്ക് നഷ്ടപരിഹാരം തരണമെന്നുമായിരുന്നു ദേവനന്ദയുടെ മാതാവിന്റെ ഹര്‍ജി. കേസ് പരിഗണിച്ച കോടതിയ്ക്ക് മുമ്പാകെ നടപടികള്‍ വിശദീകരിക്കാനായി ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ അഫ്സാന പര്‍വീണും ഓണ്‍ലൈന്‍ വഴി ഹാജരായിരുന്നു.
മയണൈസ് ഉണ്ടാക്കുമ്പോള്‍ പച്ചമുട്ട ഉപയോഗിക്കാന്‍ പാടില്ലെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു. ഷവര്‍മ്മ ഉണ്ടാക്കി വച്ചതിനു ശേഷം നിര്‍ദ്ദിഷ്ട സമയത്തിനുള്ളില്‍ കഴിക്കാതെ വരുന്നതാണ് അപകടകാരണങ്ങളില്‍ പ്രധാനമെന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ അറിയിച്ചു.