Sunday, November 24, 2024

കൊളോണിയല്‍ കാലഘട്ടത്തിലെ പെരുമാറ്റരീതി പോലീസ് മാറ്റണമെന്നു ഹൈക്കോടതി

കൊളോണിയല്‍ കാലഘട്ടത്തിലെ പെരുമാറ്റരീതി പോലീസ് മാറ്റണമെന്നു ഹൈക്കോടതി. പരിഷ്‌കൃത കാലഘട്ടത്തിലാണു പോലീസ് സേനയുള്ളതെന്ന് ഓര്‍മിക്കണമെന്നും കോടതി പറഞ്ഞു. ആലത്തൂരില്‍ കോടതി ഉത്തരവുമായി പോലീസ് സ്റ്റേഷനിലെത്തിയ അഭിഭാഷകനോട് എസ്ഐ മോശമായി പെരുമാറിയ വിഷയം പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം.

പോലീസ് ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളോടു മോശമായി പെരുമാറാന്‍ അനുവദിക്കരുതെന്ന് ഓണ്‍ലൈനായി ഹാജരായ സംസ്ഥാന പോലീസ് മേധാവിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. പോലീസിന്റെ പെരുമാറ്റം സംബന്ധിച്ച് നിരവധി സര്‍ക്കുലര്‍ ഇറക്കിയിട്ടും ഇത്തരം വീഴ്ചകള്‍ എന്തുകൊണ്ട് ഉണ്ടാകുന്നുവെന്ന് കോടതി ആരാഞ്ഞു.

പോലീസ് സ്റ്റേഷന്‍ എന്നു പറഞ്ഞാല്‍ ഭയം ഉളവാക്കുന്ന സ്ഥലമാകാന്‍ പാടില്ല. ഏതൊരു സര്‍ക്കാര്‍ ഓഫീസ് പോലെ ഭയമില്ലാതെ ജനങ്ങള്‍ക്കു കയറിച്ചെല്ലാനാകുന്ന അന്തരീക്ഷം ഉണ്ടാകണമെന്നും കോടതി പറഞ്ഞു. പൊതുജനങ്ങളോട് മോശമായി പെരുമാറുന്നവര്‍ക്കതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഡിജിപി ഉറപ്പ് നല്‍കി. ഹര്‍ജി അടുത്ത മാസം എട്ടിന് പരിഗണിക്കും.

 

Latest News