Tuesday, November 26, 2024

രാജ്യത്ത് ദേശീയപാതകള്‍ കൂടുതല്‍ സ്മാര്‍ട്ടാകുന്നു; ഒരു വര്‍ഷത്തിനകം ‘ഡിജിറ്റല്‍ ഹൈവേ’ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ

2024-25 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തുടനീളം പതിനായിരം കിലോമീറ്റര്‍ ‘ഡിജിറ്റല്‍ ഹൈവേ’ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ) ലക്ഷ്യമിടുന്നതായി ഔദ്യോഗികക്കുറിപ്പില്‍ വ്യക്തമാക്കി. ദേശീയപാതകളില്‍ ഒപ്ടിക് ഫൈബര്‍ കേബിളുകള്‍ (ഒഎഫ്സി) ഉള്‍പ്പെടുത്തിയാണ് ഡിജിറ്റല്‍ ഹൈവേ യാഥാര്‍ഥ്യമാക്കുന്നത്.

‘ഡിജിറ്റല്‍ ഹൈവേ’ പദ്ധതി സാധ്യമാക്കാന്‍ എന്‍എച്ച്എഐയുടെ കീഴിലുള്ള നാഷണല്‍ ഹൈവേയ്സ് ലോജിസ്റ്റിക്സ് മാനേജ്മെന്റ് ലിമിറ്റഡ് (എന്‍എച്ച്എല്‍എംഎല്‍) ദേശീയ പാതകളിലുടനീളം യൂട്ടിലിറ്റി കോറിഡോറുകള്‍ സ്ഥാപിക്കും. രാജ്യത്തെ ഉള്‍പ്രദേശങ്ങളിലടക്കം ഇന്റര്‍നെറ്റ് കണക്ടിവിറ്റി എത്തിക്കുകയും വരാനിരിക്കുന്ന 5ജി, 6ജി സാങ്കേതികവിദ്യകള്‍ വ്യാപിപ്പിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം വയ്ക്കുന്നത്.

ഡല്‍ഹി-മുംബൈ അതിവേഗപാതയില്‍ 1,367 കിലോമീറ്ററും ഹൈദരാബാദ്-ബാംഗ്ലൂര്‍ ഇടനാഴിയില്‍ 512 കിലോമീറ്ററുമാണ് ആദ്യഘട്ടത്തില്‍ പദ്ധതി ആരംഭിക്കുന്നത്. ഒഎഫ്സി ശൃംഖലയിലൂടെ വിദൂര മേഖലകളില്‍ 5ജി, 6 ജി നെറ്റ്വര്‍ക്ക് ലഭ്യമാകുമെന്നും കുറിപ്പില്‍ പറയുന്നു.

ദേശീയപാതകളില്‍ ഒഎഫ്സി സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും ഒരു കൊല്ലത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഔദ്യോഗികക്കുറിപ്പില്‍ പറയുന്നു. ടെലികോം/ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കായി പ്ലഗ് ആന്‍ഡ് പ്ലേ അല്ലെങ്കില്‍ ഫൈബര്‍ ഓണ്‍ ഡിമാന്‍ഡ് മോഡല്‍ ഒഎഫ്സി നെറ്റ്വര്‍ക്ക് അനുവദിക്കും. യോഗ്യരായ ഉപയോക്താക്കള്‍ക്ക് ഒരു വെബ് പോര്‍ട്ടലിലൂടെ നിശ്ചിത വിലയില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കും. ടെലികോം വകുപ്പുമായും ട്രായിയുമായും ഇതു സംബന്ധിച്ചുള്ള ആശയവിനിമയം നടത്തിയതായും പത്രക്കുറിപ്പില്‍ പറയുന്നു.

 

 

 

 

 

 

Latest News