ദക്ഷിണ ചൈനാ കടലിൽ ഇന്ത്യയുടെയും ഫിലിപ്പീൻസിൻ്റെയും നേതൃത്വത്തിൽ നടക്കുന്ന നാവികാഭ്യാസത്തിനെതിരെ പ്രതികരിച്ച് ചൈന. ഇന്ത്യയും ഫിലിപ്പീൻസും തമ്മിലുള്ള പ്രതിരോധ സഹകരണം മൂന്നാം ലോക രാജ്യങ്ങളുടെ താൽപ്പര്യങ്ങൾക്കും പ്രാദേശിക സമാധാനത്തിനും ഹാനികരമാകുമെന്ന മുന്നറിയിപ്പാണ് ചൈന നൽകുന്നത്.
ഇന്ത്യയും ഫിലിപ്പീൻസും ചേർന്ന് നടത്തുന്ന നാവികാഭ്യാസങ്ങളെയും വരും ദിവസങ്ങളിൽ നടക്കാനിരിക്കുന്ന ഫ്രഞ്ച് നാവികസേനയുമായി ചേർന്നുള്ള വ്യോമാഭ്യാസത്തെക്കുറിച്ചും ചൈന പ്രതികരിച്ചു. സൈനിക അഭ്യാസങ്ങളുമായി ബന്ധപ്പെട്ട രാജ്യങ്ങൾ തമ്മിലുള്ള പ്രതിരോധ, സുരക്ഷാ സഹകരണം മറ്റു രാജ്യങ്ങളുടെ താൽപ്പര്യങ്ങൾക്ക് ഹാനികരമാകുമോ എന്ന ആശങ്കയുണ്ടെന്നു ചൈനീസ് പ്രതിരോധ മന്ത്രാലയ വക്താവ് സീനിയർ കേണൽ വു ക്വിയാൻ വ്യക്തമാക്കി. സൈനിക അഭ്യാസങ്ങൾ പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്ക്കും ദോഷം വരുത്തരുത് എന്നതാണ് ചൈനയുടെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദക്ഷിണ ചൈന കടലിന്റെ ചില ഭാഗങ്ങളുടെ നിയന്ത്രണം ബീജിംഗ് അവകാശപ്പെട്ടതിനെത്തുടർന്ന് ഫിലിപ്പീൻസിൻ്റെയും ചൈനയുടെയും നാവിക കപ്പലുകൾ തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. ഇതേതുടർന്ന് ഈ മാസം ആദ്യം തങ്ങളുടെ കപ്പലുകളെ ആക്രമിക്കാൻ ചൈനീസ് കപ്പലുകൾ ജലപീരങ്കി ഉപയോഗിച്ചതായി ഫിലിപ്പീൻസ് നാവികസേന വെളിപ്പെടുത്തി.
ഫിലിപ്പീൻസ് മറ്റു രാജ്യങ്ങളുമായുള്ള സൈനിക അഭ്യാസങ്ങൾക്കെതിരെ ചൈന ജാഗ്രത പുലർത്തുമെന്നും ദേശീയ പരമാധികാരം, സുരക്ഷ, സമുദ്ര അവകാശങ്ങളും താൽപ്പര്യങ്ങളും സംരക്ഷിക്കൽ തുടങ്ങിയ കാര്യങ്ങളിൽ ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും മുൻപ് കേണൽ വു ക്വിയാൻ പറഞ്ഞിരുന്നു. ഈ വിഷയത്തിൽ ഫിലിപ്പീൻസിലെ പിന്തുണയ്ക്കുന്ന യു എസ് നിലപാടുകളെയും വു തള്ളിക്കളഞ്ഞിരുന്നു.