ഹിൻഡൻബർഗ് റിപ്പോർട്ടിനെതിരെ ഗുരുതര ആരോപണവുമായി അദാനി ഗ്രൂപ്പ് തലവൻ ഗൗതം അദാനി. തെറ്റായ വിവരങ്ങളും ആരോപണങ്ങളും കൂട്ടിക്കുഴച്ചതാണ് ഹിൻഡൻബർഗ് റിപ്പോർട്ടെന്നാണ് അദാനിയുടെ ആരോപണം. കമ്പനിയുടെ വളർച്ച തടയാനും പ്രശസ്തിക്ക് മങ്ങലേൽപിക്കാനുമുള്ള ഗൂഢാലോചനയാണ് റിപ്പോര്‍ട്ടിലുള്ളതെന്നും അദ്ദേഹം ആരോപിച്ചു.
യുഎസ് ആസ്ഥാനമായുള്ള ഹിൻഡൻബർഗ് റിസർച്ച് ജനുവരിയിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഇതില്‍ അദാനി ഗ്രൂപ്പിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്. ദശാബ്ദങ്ങളായി കമ്പനി സ്റ്റോക്ക് കൃത്രിമത്വത്തിലും അക്കൗണ്ട് തട്ടിപ്പിലും ഏര്‍പ്പെടുകയാണെന്നും ഓഹരികൾ പ്ലെഡ്ജ് ചെയ്ത് വലിയ തോതിൽ കടം വാങ്ങിയതായും റിപ്പോർട്ടിൽ പറയുന്നു; കൂടാതെ, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണവും ഉയര്‍ന്നിരുന്നു. ഇതിനെതിരെയാണ് അദാനി ഗ്രൂപ്പ് കമ്പനികളുടെ വാർഷിക പൊതുയോഗത്തിൽ ഗൗതം അദാനി രൂക്ഷപ്രതികരണവുമായി രംഗത്തെത്തിയത്.
“ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ട റിപ്പോര്‍ട്ട് തെറ്റായ വിവരങ്ങളും അപകീർത്തിപ്പെടുത്തുന്ന ആരോപണങ്ങളും കൂട്ടിക്കുഴച്ചതാണ്. റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ആരോപണങ്ങൾ ഖണ്ഡിച്ച് ഞങ്ങൾ ഉടനടി സമഗ്രമായ വിശദീകരണം പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ നിക്ഷിപ്ത താല്പര്യക്കാർ ഇത് മുതലെടുക്കാനാണ് ശ്രമിച്ചത്. അത്തരക്കാർ വിവിധ വാർത്താമാധ്യമങ്ങളിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചു” – അദാനി ഗ്രൂപ്പ് തലവന്‍ പറഞ്ഞു. റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ച കാര്യങ്ങളിൽ ഭൂരിഭാഗവും 2004 മുതൽ 2015 വരെയുള്ളവയാണെന്നും അവയെല്ലാം അക്കാലത്തു തന്നെ ഉചിതമായ രീതിയിൽ പരിഹരിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.