Wednesday, April 2, 2025

ഹിന്ദി എഴുത്തുകാരൻ വിനോദ് കുമാർ ശുക്ലയ്ക്ക് ജ്ഞാനപീഠ പുരസ്ക്കാരം: ഛത്തീസ്ഗഡിൽ നിന്നുമുള്ള ആദ്യ ജ്ഞാനപീഠ ജേതാവ്

ജ്ഞാനപീഠ പുരസ്ക്കാരം സ്വന്തമാക്കി ഹിന്ദി എഴുത്തുകാരൻ വിനോദ് കുമാർ ശുക്ല. ഹിന്ദിസാഹിത്യത്തിനു നൽകിയ സംഭാവനകൾക്ക് 2024 ലെ 59-ാമത് ജ്ഞാനപീഠ പുരസ്‌കാരമാണ് വിനോദ് കുമാർ ശുക്ല (88) സ്വന്തമാക്കുന്നത്. വിവിധ ഇന്ത്യൻ ഭാഷകളിലെ സാഹിത്യത്തിൽ മികവ് പുലർത്തിയ എഴുത്തുകാർക്കു നൽകുന്ന ഇന്ത്യയിലെ ഏറ്റവും ഉയർന്ന സാഹിത്യ ബഹുമതിയാണ് ജ്ഞാനപീഠ പുരസ്‌കാരം.

പ്രശസ്ത ഹിന്ദി എഴുത്തുകാരനും കവിയും നോവലിസ്റ്റുമായ ശുക്ല, ഈ ബഹുമതി ലഭിക്കുന്ന ഛത്തീസ്ഗഡ് സംസ്ഥാനത്തു നിന്നുള്ള ആദ്യ വ്യക്തിയാണ്. ലാളിത്യത്തിനും സംവേദനക്ഷമതയ്ക്കും അതുല്യമായ രചനാശൈലിക്കും പേരുകേട്ടതാണ് അദ്ദേഹത്തിൻ്റെ രചനകൾ. ആധുനിക ഹിന്ദിസാഹിത്യത്തിലെ പരീക്ഷണാത്മക രചനകൾക്കും അദ്ദേഹം പ്രശസ്തനാണ്. 1971 ൽ അദ്ദേഹത്തിൻ്റെ ആദ്യ കവിതാ ചെറുപുസ്തകം ‘ലഗ്ഭാഗ് ജയ് ഹിന്ദ്’ പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിൻ്റെ പ്രധാന നോവലുകളിൽ ‘നൗകർ കി കമീസ്’ ഉൾപ്പെടുന്നു.

അദ്ദേഹത്തിന്റെ കവിതകളും കഥകളും സാധാരണജീവിതത്തിന്റെ സൂക്ഷ്മതകളെ വളരെ ലളിതമായ ഭാഷയിൽ അവതരിപ്പിക്കുന്നവയാണ്. സാധാരണക്കാരന്റെ വികാരങ്ങളെയും അവന്റെ ദൈനംദിന ജീവിതത്തെയും സമൂഹത്തിന്റെ സങ്കീർണ്ണതകളെയും അദ്ദേഹത്തിന്റെ എഴുത്ത് മനോഹരമായി പ്രകടിപ്പിക്കുന്നുണ്ട്. അഭിമാനകരമായ മറ്റു ബഹുമതികൾക്കൊപ്പം സാഹിത്യ അക്കാദമി അവാർഡും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ച വിനോദ് കുമാർ ശുക്ലയെ ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണുദേവ് ​​സായ് അഭിനന്ദിക്കുകയും സംസ്ഥാനത്തിന് ഇത് അഭിമാനകരമായ കാര്യമാണെന്നും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News