ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കുന്നതില്‍ അതാത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനമെടുക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. ലക്ഷദ്വീപ്, മിസോറാം, നാഗാലാന്‍ഡ്, മേഘാലയ, ജമ്മുകശ്മീര്‍, അരുണാചല്‍, മണിപ്പൂര്‍, പഞ്ചാബ് എന്നിവിടങ്ങളിലെ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കണമെന്ന ഹര്‍ജിയിലാണ് കേന്ദ്ര ന്യൂനപക്ഷമന്ത്രാലയം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
ന്യൂനപക്ഷങ്ങള്‍ക്കായുള്ള കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളും ആനുകൂല്യങ്ങളും ഹിന്ദുക്കള്‍ കുറവുള്ള സംസ്ഥാനങ്ങളില്‍ അവര്‍ക്ക് ലഭിക്കുന്നില്ല. ഈ സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ഹിന്ദുക്കളെ ന്യൂനപക്ഷമായി പ്രഖ്യാപിച്ചു കൊണ്ട് ആനുകൂല്യങ്ങള്‍ അവര്‍ക്കു കൂടി ലഭ്യമാക്കാനാകുമെന്നും കഴിഞ്ഞ ദിവസം കേന്ദ്രം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
ന്യൂനപക്ഷങ്ങളെ തീരുമാനിക്കുന്ന കാര്യം കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുന്നതിനാല്‍ സംസ്ഥാനങ്ങള്‍ക്കും നിര്‍ണയാധികാരമുണ്ടെന്ന് കേന്ദ്രം അറിയിച്ചു. ഇത്തരത്തില്‍ ഭാഷ-മത ന്യുനപക്ഷങ്ങളെ നിര്‍ണയിച്ച് സംസ്ഥാന നിയമസഭകള്‍ക്ക് തീരുമാനമെടുക്കാം. നേരത്തെ മഹാരാഷ്ട്രയില്‍ ജൂതരെയും, കര്‍ണാടകയില്‍ ഉറുദു, തെലുങ്ക്, തമിഴ്, മലയാളം, മറാത്തി, തുളു, ലുമണി, ഹിന്ദി, കൊങ്കിണി, ഗുജറാത്തി ഭാഷാവിഭാഗങ്ങളെയും ന്യൂനപക്ഷമായി പ്രഖ്യാപിച്ചത് കേന്ദ്രം ചൂണ്ടിക്കാട്ടി.
ഒരു സംസ്ഥാനത്തെ മത-ഭാഷ ന്യൂനപക്ഷം മറ്റൊരു സംസ്ഥാനത്തില്‍ ഭൂരിപക്ഷമാണെന്നും അതിനാല്‍ കേന്ദ്രതലത്തില്‍ അത്തരം ന്യൂനപക്ഷപദവി നിശ്ചയിക്കുന്നതിന് പരിമിതിയുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. നിലവില്‍ മുസ്ലീം, സിഖ്, ബുദ്ധിസ്റ്റ്, പാര്‍സി, ക്രിസ്ത്യന്‍, ജയ്ന്‍ എന്നീ വിഭാഗങ്ങള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ ന്യൂപനപക്ഷ പദവി നല്‍കിയിട്ടുള്ളത്. ഹിന്ദുമതം, ജൂതമതം, ബഹായിസം എന്നീ മതങ്ങളുടെ അനുയായികള്‍ക്ക് പ്രസ്തുത സംസ്ഥാനങ്ങളില്‍ അവര്‍ക്ക് ഇഷ്ടമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കാനും നിയന്ത്രിക്കാനും കഴിയുമോ എന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസ്ഥാന തലത്തില്‍ പരിഗണിക്കാമെന്നും ന്യൂനപക്ഷകാര്യ മന്ത്രാലയം അറിയിച്ചു.
ചില സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കണമെന്നാവശ്യപ്പെട്ട് 2020ല്‍ അഡ്വ അശ്വനി ഉപാധ്യായാണ് സുപ്രീംകോടതിയെ സമീപിച്ചത്. രാജ്യത്തെ പത്തോളം സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമാണ്. അവര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ന്യൂനപക്ഷ സമുദായങ്ങള്‍ക്കുള്ള ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ല. അതിനാല്‍ സംസ്ഥാന തലത്തില്‍ ന്യൂനപക്ഷങ്ങളെ തിരിച്ചറിയുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2004-ലെ ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന നിയമത്തിന്റെ 2(എഫ്) വകുപ്പിന്റെ സാധുതയെ ഉപാധ്യായ വെല്ലുവിളിച്ചിരുന്നു. ഇത് കേന്ദ്രത്തിന് അനിയന്ത്രിതമായ അധികാരം നല്‍കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.