എച്ച്‌ഐവി രോഗം ഉണ്ടോയെന്നു സ്വയം പരിശോധിച്ചറിയുന്നതിനുള്ള കിറ്റ് ഡിസംബറില്‍ പുറത്തിറങ്ങും. ഉമിനീരോ, രക്ത സാമ്പിളുകളോ ആണ് ഇതിനായി പരിശോധിക്കുക. 20 മിനിറ്റിനുള്ളില്‍ ഫലം അറിയുവാന്‍ കഴിയും എന്നതാണ് ഇത്തരം കിറ്റുകളുടെ പ്രത്യേകത.
നിലവില്‍ ലഭ്യമായിട്ടുള്ള ടെസ്റ്റുകള്‍ ചെയ്യുവാന്‍ വിമുഖത കാണിക്കുന്നവര്‍ക്ക് സ്വയം പരിശോധന കിറ്റുകള്‍ വഴി രോഗം തിരിച്ചറിയാന്‍ കഴിയുമെന്ന് എന്‍ജിഒ വാക്താവായ ഡോ ആശ ഹെഗ്ഡാ അഭിപ്രായപ്പെട്ടു.
ഈ കിറ്റുകള്‍ ഫാര്‍മസികളില്‍ എളുപ്പത്തില്‍ ലഭ്യമാക്കുകയും ഗര്‍ഭധാരണ പരിശോധന പോലെ സാധാരണമാക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യമിടുന്നത്.
സ്വയം പരിശോധന കിറ്റിന്റെ സ്വീകാര്യതയെകുറിച്ച് 2021ല്‍ നാഷണല്‍ എഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസെഷനുമായി സഹകരിച്ച് എന്‍ജിഒ ഒരു ദേശീയ പഠനം സംഘടിപ്പിച്ചിരുന്നു.
എച്ച്‌ഐവി ബാധിതര്‍ കൂടുതലുള്ള 14 സംസ്ഥാനങ്ങളിലാണ് ഈ പഠനം സംഘടിപ്പിക്കപ്പെട്ടത്. 93,500 ഓളം ആളുകളില്‍ നടത്തിയ പഠനത്തില്‍ 95 ശതമാനത്തോളം പേര്‍ക്ക് സ്വയം പരിശോധനാ കിറ്റ് എളുപ്പത്തില്‍ ഉപയോഗിക്കുകയും ഫലം കണ്ടെത്തുകയും ചെയ്യാവുന്നതാണെന്ന് കണ്ടെത്തി.