ഭരണഘടനാ വിരുദ്ധമാണെന്ന് കണ്ടെത്തി ജര്‍മന്‍ ഫെഡറല്‍ മിനിസ്ട്രി ഒഫ് ദ ഇന്റീരിയര്‍ കമ്യൂണിറ്റി ജര്‍മനിയിലെ ഇസ്ലാമിക് സെന്റര്‍ ഹാംബര്‍ഗ് എന്ന മത സംഘടനയെയും രാജ്യത്തെമ്പാടുമുള്ള അതിന്റെ സകല ഇടപെടലുകളെയും നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. ഇറാനോടും ഹിസ്ബുള്ളയോടുമുള്ള സംഘടനയുടെ അടുത്ത ബന്ധമാണ് ഈ സംഘടനയെ തീവ്രവാദ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി നിരോധിക്കാന്‍ ജര്‍മന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. ജര്‍മനിയിലെ ഫെഡറല്‍ മിനിസ്ട്രി ഒഫ് ദ ഇന്റീരിയര്‍ ആന്‍ഡ് കമ്യൂണിറ്റിയാണ് ഇസ് ലാമിക് സെന്റര്‍ ഹാംബര്‍ഗ് (IZH) നെ നിരോധിച്ചത്.
ജര്‍മനിയില്‍ ഇസ്ലാമിസ്റ്റ്-തീവ്രവാദ, ഏകാധിപത്യ പ്രത്യയശാസ്ത്രം പ്രോത്സാഹിപ്പിക്കുന്ന ഇസ്ലാമിക് സെന്റര്‍ ഹാംബര്‍ഗ് എന്ന സംഘടനയെ (IZH) നിരോധിച്ചതായി ആഭ്യന്തര മന്ത്രി നാന്‍സി ഫൈസര്‍ പ്രസ്താവനയില്‍ പറഞ്ഞു.
‘ഈ പ്രത്യയശാസ്ത്രം മനുഷ്യന്റെ അന്തസിനും സ്ത്രീകളുടെ അവകാശങ്ങള്‍ക്കും സ്വതന്ത്ര ജുഡീഷ്യറിക്കും നമ്മുടെ ജനാധിപത്യ സര്‍ക്കാരിനും എതിരാണ്. ഈ ഗ്രൂപ്പും അതിന്റെ ഉപ-സംഘടനകളും ഹിസ്ബുള്ളയെ പിന്തുണയ്ക്കുകയും ആക്രമണാത്മക യഹൂദവിരുദ്ധത പ്രചരിപ്പിക്കുകയും ചെയ്യുന്നു എന്നും അവര്‍ ആരോപിച്ചു. ഇതിനു മുമ്പും ജര്‍മ്മനി 2020 ല്‍ ഒരു സായുധ ലെബനീസ് ഗ്രൂപ്പിനെ നിയമവിരുദ്ധമാക്കുകയും ഭീകരസംഘടനയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
‘ഇറാന്റെ പരമോന്നത നേതാവിന്റെ നേരിട്ടുള്ള പ്രതിനിധിയായിട്ടാണ് ഈ സംഘടന പ്രവര്‍ത്തിക്കുന്നത്. ജര്‍മനിയുടെ സ്വതന്ത്രവും ജനാധിപത്യപരവുമായ ഭരണഘടനാ സംവിധാനത്തിന് പുറത്ത് ഒരു ഇസ്ലാമിക വിപ്ലവം സ്ഥാപിക്കുന്നതിനുള്ള താല്‍പര്യങ്ങള്‍ക്കായിട്ടാണ് ഇത് പ്രവര്‍ത്തിക്കുന്നത്”, ജര്‍മന്‍ ആഭ്യന്തര മന്ത്രാലയം ആരോപിക്കുന്നു.
കഴിഞ്ഞ നവംബറിലാണ് ഇതിനു കാരണമായ സംഭവം. ജര്‍മന്‍ അധികാരികള്‍ ഈ ഗ്രൂപ്പുമായി ബന്ധമുള്ള അമ്പത്തഞ്ചോളം സ്വത്തുക്കള്‍ റെയ്ഡ് ചെയ്തതിനു പിന്നാലെയാണ് ഈ നിരോധന ഉത്തരവ് ജര്‍മനി പുറപ്പെടുവിച്ചത്. ഈ സമയത്ത് സംഘടന വന്‍തോതിലുള്ള ഗൂഢാലോചനാപരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് വ്യക്തമായ തെളിവുകള്‍ ജര്‍മന്‍ പൊലീസിനു ലഭിച്ചു.
ഈ മത സംഘടന അവരുടെ തീവ്രവാദപരമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മറയ്ക്കാന്‍ ശ്രമിച്ചതിനുള്ള തെളിവും പോലീസ് പിടിച്ചെടുത്തു. ജര്‍മനിയിലെ ഷിയാ വിഭാഗക്കാരായ മുസ് ലിങ്ങളുടെ സമാധാനപരമായ ആചാരത്തിന് ഈ നിരോധനം ബാധകമല്ലെന്നും ആഭ്യന്തരമന്ത്രാലയം കൂട്ടിച്ചേര്‍ക്കുന്നു.
ഹാംബര്‍ഗില്‍ മസ്ജിദ് നടത്തുന്ന ഇസ് ലാമിക് സെന്റര്‍ ഹാംബര്‍ഗ് (IZH) എന്ന ഈ സംഘടന ദീര്‍ഘകാലമായി , ജര്‍മ്മനിയുടെ ആഭ്യന്തര രഹസ്യാന്വേഷണ ഏജന്‍സിയുടെ നിരീക്ഷണത്തിലാണ്.