സംസ്ഥാന സെക്രട്ടേറിയറ്റിലെ കോംപ്ലക്സിൽ സ്ഥാപിച്ചിട്ടുള്ള വേസ്റ്റ് ബിന്നുകളിൽ ഗാര്‍ഹിക മാലിന്യങ്ങള്‍ കണ്ടെത്തിയതില്‍ ജീവനക്കാര്‍ക്ക് മുന്നറിയിപ്പ്. സെക്രട്ടേറിയറ്റ് ഹൗസ് കീപ്പിങ് സെല്ലാണ് ഇതു സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കുലര്‍ പുറത്തിറക്കുമെന്ന് ഹൗസ് കീപ്പിംഗ് വിഭാഗം വ്യക്തമാക്കി.
ആദ്യം സെക്രട്ടേറിയറ്റിലെ ബിന്നുകളിൽ വൻതോതിൽ മാലിന്യം കണ്ടെത്തിയപ്പോൾ സെക്രട്ടേറിയറ്റിൽ നിന്നുള്ള മാലിന്യമെന്നു കരുതി സംസ്കരിച്ചിരുന്നതായി ഹൗസ് കീപ്പിംഗ് വിഭാഗം പറയുന്നു. എന്നാല്‍ മാലിന്യം കുന്നുകൂടുന്നത് തുടർന്നപ്പോഴാണ് ജീവനക്കാർ വീടുകളില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ വേസ്റ്റ് ബിന്നുകളിൽ നിക്ഷേപിക്കുന്നതായി കണ്ടെത്തിയത്. ഇനി മുതൽ സെക്രട്ടേറിയറ്റിലെ ബിന്നുകളിൽ വീടുകളിലെ മാലിന്യം തള്ളുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്ന് ഹൗസ് കീപ്പിംഗ് വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി മാലിന്യക്കുട്ടകൾ സി.സി.ടി.വി പരിധിയിൽ ആക്കാനും നിര്‍ദ്ദേശമുണ്ട്. കൂടാതെ, സെക്രട്ടേറിയറ്റ് വളപ്പിൽ നായ്ക്കൾക്ക് ഭക്ഷണം നൽകി സംരക്ഷിക്കുന്നതും വിലക്കി.