ചൊവ്വാഴ്ച വൈകുന്നേരം യെമനിൽ നിന്ന് ഇസ്രായേലിലേക്ക് ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തി ഹൂതി വിമതർ. രണ്ടുമാസം മുമ്പ് ഗാസ മുനമ്പിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനുശേഷം ഇറാൻ പിന്തുണയുള്ള ഗ്രൂപ്പിന്റെ ആദ്യ ആക്രമണമാണിത്. ഇസ്രായേലിന്റെ അതിർത്തിയിൽ എത്തുന്നതിനുമുൻപ് മിസൈൽ വിജയകരമായി തടഞ്ഞതായും സൗദി അറേബ്യയ്ക്കു മുകളിലൂടെയുള്ള ദീർഘദൂര ആരോ പ്രതിരോധസംവിധാനം ഉപയോഗിച്ച് വെടിവച്ചതായും ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു.
എന്നിരുന്നാലും, ബീർഷെബ, ഡിമോണ എന്നിവയുൾപ്പെടെ തെക്കൻ ഇസ്രായേലിലുടനീളമുള്ള നിരവധി പട്ടണങ്ങളിൽ സൈറണുകൾ മുഴങ്ങിയതോടെ ആയിരക്കണക്കിന് ആളുകൾ പലയിടങ്ങളിലും അഭയം തേടി. നെഗേവ് മരുഭൂമിയിലെ നെവാറ്റിം വ്യോമതാവളം വിമതസംഘം പലസ്തീൻ-2 ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് ആക്രമിച്ചതായി ഹൂതികളുടെ സൈനിക വക്താവ് യഹ്‌യ സാരി പറഞ്ഞു. ഗാസ മുനമ്പിലെ പുതുക്കിയ വ്യോമാക്രമണം ഇസ്രായേൽ നിർത്തിയില്ലെങ്കിൽ വരും മണിക്കൂറുകളിലും ദിവസങ്ങളിലും ഇസ്രായേലിലെ ലക്ഷ്യങ്ങളുടെ പരിധി വികസിപ്പിക്കുന്നത് തുടരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ചൊവ്വാഴ്ച പുലർച്ചെയാണ് ഇസ്രായേൽ, ഗാസ മുനമ്പിൽ ഞെട്ടിക്കുന്ന ആക്രമണം ആരംഭിച്ചത്. ഇതോടെ, ജനുവരി 19 മുതൽ നിലവിലുണ്ടായിരുന്ന വെടിനിർത്തൽ കരാർ തകരുകയായിരുന്നു. കൂടുതൽ ഇസ്രായേലി ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് ആവർത്തിച്ച് വിസമ്മതിച്ചതിന്റെ ഫലമായാണ് പോരാട്ടം പുനരാരംഭിച്ചതെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. കണക്കുകൾപ്രകാരം കുട്ടികൾ ഉൾപ്പെടെ ഇതുവരെ 404 പലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ട്. മാത്രമല്ല, 562 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടിൽ പറയുന്നു.