യെമനിലെ ഹൂതി വിമതർ വ്യാഴാഴ്ച ചെങ്കടലിൽ ലൈബീരിയൻ പതാകയുള്ള കെമിക്കൽ ടാങ്കർ ആക്രമിച്ചതായി റിപ്പോർട്ട്. ചെങ്കടലിലെ ഒളിമ്പിക് സ്പിരിറ്റ് ടാങ്കർ കിഴക്കൻ ആഫ്രിക്കയുടെ തീരത്ത് നങ്കൂരമിടാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു ആക്രമണം. ഹൂതികൾ വിക്ഷേപിച്ച മിസൈൽ ടാങ്കറിൽ പതിക്കുകയും കപ്പലിന് കേടുപാടുകൾ വരുത്തുകയും ചെയ്തു.
എന്നാൽ ആളപായമോ, മറ്റു തീപിടിത്തങ്ങളോ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല എന്ന് ബ്രിട്ടീഷ് മിലിട്ടറിയുടെ യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സെന്റർ അറിയിച്ചു. വിമതരുടെ നിരവധി ആക്രമണങ്ങൾ നടന്ന ഹൂതി നിയന്ത്രണത്തിലുള്ള തുറമുഖമായ ഹൊഡൈഡയിൽനിന്ന് കുറച്ച് അകലെയായിരുന്ന കപ്പലിനു സമീപത്ത് മൂന്ന് പ്രൊജക്റ്റൈലുകൾ പതിച്ചിരുന്നു. ആക്രമണശേഷം ഇതിന്റെ ഉത്തരവാദിത്വം ഹൂതികൾ ഏറ്റെടുത്തു.
ടാങ്കറിനെ ലക്ഷ്യമിട്ട് ഒന്നിലധികം ബാലിസ്റ്റിക് മിസൈലുകൾ ഹൂതികൾ പ്രയോഗിച്ചതായി ഹൂതി സൈനികവക്താവ് ജനറൽ യഹ്യ സാരി വ്യാഴാഴ്ച രാത്രി സംപ്രേഷണം ചെയ്ത ദൃശ്യത്തിൽ വെളിപ്പെടുത്തി. കഴിഞ്ഞ ഒക്ടോബറിൽ ഹമാസിന്റെ ആക്രമണത്തോടെ ഗാസയിൽ യുദ്ധം ആരംഭിച്ചതിനുശേഷം ഹൂതികൾ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് 80-ലധികം വ്യാപാരകപ്പലുകൾ ആക്രമിച്ചിട്ടുണ്ട്. ആക്രമണങ്ങളിൽ നാല് നാവികർ കൊല്ലപ്പെടുകയും ഒരു കപ്പൽ പിടിച്ചെടുക്കുകയും രണ്ട് കപ്പലുകൾ മുങ്ങുകയും ചെയ്തു. മറ്റു മിസൈലുകളും ഡ്രോണുകളും ഒന്നുകിൽ ചെങ്കടലിൽ യു. എസ്. നേതൃത്വത്തിലുള്ള സഖ്യം തടഞ്ഞതോ, അല്ലെങ്കിൽ പാശ്ചാത്യ സൈനിക കപ്പലുകൾ ഉൾപ്പെടെയുള്ള ലക്ഷ്യങ്ങളിൽ എത്താൻ പരാജയപ്പെട്ടതോ ആണ്.