ചെങ്കടലില്‍ ലോകമെമ്പാടും ഇന്റര്‍നെറ്റും ടെലികമ്യൂണിക്കേഷനും സാധ്യമാക്കുന്ന മൂന്ന് ഡാറ്റാ കേബിളുകള്‍ വിച്ഛേദിക്കപ്പെട്ടു. തെക്കന്‍ ചെങ്കടലില്‍ യമന്‍ നാവിക അധികാരപരിധിക്കുള്ളിലെ ഭാഗത്തെ കേബിളുകളാണ് മുറിഞ്ഞതെന്ന് ഹോങ്കോങ് ആസ്ഥാനമായ എച്ച്ജിസി ഗ്ലോബല്‍ കമ്യൂണിക്കേഷന്‍സ് വെളിപ്പെടുത്തി. എങ്ങനെയാണ് കേബിളുകള്‍ മുറിഞ്ഞതെന്ന് വ്യക്തമല്ല. ഹൂതി ആക്രമണത്തിലാണ് ഇവ തകര്‍ന്നതാണെന്നാണ് പാശ്ചാത്യമാധ്യമ റിപ്പോര്‍ട്ട്.
ചെങ്കടലില്‍ ജലപാതയുടെ ഉപരിതലത്തില്‍നിന്ന് നൂറുകണക്കിന് മീറ്റര്‍ താഴെയാണ് ഇവ സ്ഥിതി ചെയ്യുന്നത്. ചെങ്കടല്‍ വഴിയുള്ള ഇന്റര്‍നെറ്റ് ട്രാഫിക്കിന്റെ 25 ശതമാനത്തെ ഇത് ബാധിക്കും. യൂറോപ്പും ഏഷ്യയും തമ്മിലുള്ള 90 ശതമാനം ആശയവിനിമയങ്ങളും ചെങ്കടല്‍ കേബിളുകള്‍ വഴിയാണ്.ഈജിപ്ത് വഴി തെക്കുകിഴക്കന്‍ ഏഷ്യയെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന 25,000 കിലോമീറ്റര്‍ കേബിള്‍ സംവിധാനവും തകരാറിലായി. അടിയന്തിര ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിച്ചതായി കമ്പനി അറിയിച്ചു.ഏഷ്യയില്‍ നിന്നും പശ്ചിമേഷ്യയില്‍ നിന്നും യൂറോപ്പിലേക്കുള്ള ചരക്കുകളുടെയും ഊര്‍ജ കയറ്റുമതിയുടെയും നിര്‍ണായക പാതയായ ചെങ്കടലിലെ ആഗോള കപ്പല്‍ ഗതാഗതം ഇതിനകം തടസ്സപ്പെട്ടിരിക്കെ, ടെലികമ്മ്യൂണിക്കേഷന്‍ ലൈനുകളുടെ അട്ടിമറി പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കും.
അറബിക്കടലില്‍ ഇസ്രയേല്‍ കപ്പലും ചെങ്കടലില്‍ അമേരിക്കന്‍ യുദ്ധ കപ്പലുകളും ഹൂതികള്‍ ആക്രമിച്ചു. ഇസ്രയേല്‍ കമ്പനി ഉടമസ്ഥതയിലുള്ള എംഎസ്സി സ്‌കൈ എന്ന ചരക്ക് കപ്പലാണ് ആക്രമിച്ചതെന്ന് ഹൂതി വക്താവ് യഹിയ സാരി അറിയിച്ചു. പലസ്തീനൊപ്പം നില്‍ക്കുമെന്നും ഇസ്രായേല്‍ കപ്പലുകളും അധിനിവേശ പലസ്തീനിലെ തുറമുഖങ്ങളിലേക്ക് പോകുന്ന കപ്പലുകളും തടയുമെന്നും ഹൂതികള്‍ മുന്നറിയിപ്പ് നല്‍കി. ഇസ്രയേലിലെ സിം ഇന്റഗ്രേറ്റഡ് ഷിപ്പിങ് സര്‍വീസസ് എന്ന കമ്പനി ഓപ്പറേറ്റ് ചെയ്യുന്ന കപ്പല്‍ ആക്രമിക്കപ്പെട്ടതായി സമുദ്ര സുരക്ഷാ സ്ഥാപനമായ ആംബ്രെ സ്ഥിരീകരിച്ചു.