നഷ്ടപ്പെട്ട മൊബൈല്‍ ഫോണുകള്‍ വീണ്ടെടുക്കുന്നതിനും ഉപയോഗിക്കുന്ന ഫോണുകള്‍ മോഷ്ടിക്കപ്പെട്ടതല്ലെന്ന് ഉറപ്പാക്കുന്നതിനും സഹായിക്കുന്ന കേന്ദ്ര ടെലികോം വകുപ്പിന്റെ പോര്‍ട്ടല്‍ പ്രവര്‍ത്തനമാരംഭിച്ചു. ഈ സംവിധാനം വഴി ഫോണ്‍ നഷ്ടപ്പെട്ട ഒരാള്‍ക്ക് അതിവേഗം പരാതി രജിസ്റ്റര്‍ ചെയ്യാനാകും. ഫോണ്‍ നഷ്ടപ്പെട്ടെന്നു ഉറപ്പായാല്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയാണ് ആദ്യഘട്ടം. അതിനുശേഷം വെബ്‌സൈറ്റില്‍ പരാതി സ്വയം രജിസ്റ്റര്‍ ചെയ്യണം.
ഇന്റര്‍നാഷനല്‍ മൊബൈല്‍ എക്വിപ്‌മെന്റ് ഐഡന്റിറ്റി (ഐഎംഇഐ) നമ്പറുള്ള ഫോണുകളുടെ വിവരങ്ങള്‍ മാത്രമേ പുതിയ വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാനാകൂ. പരാതി സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനൊപ്പം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന്റെ നമ്പറും പരാതിയുടെ ഡിജിറ്റല്‍ കോപ്പിയും ചേര്‍ക്കണം. ഐഎംഇഐ നമ്പറും നഷ്ടപ്പെട്ട ഫോണില്‍ ഉപയോഗിച്ചിരിക്കുന്ന സിംകാര്‍ഡിലെ നമ്പറും (ഫോണ്‍നമ്പര്‍) ഇമെയില്‍ അഡ്രസും നല്‍കിയാല്‍ നഷ്ടപ്പെട്ട ഫോണ്‍ മറ്റാരും ഉപയോഗിക്കില്ലെന്ന് ഉറപ്പുവരുത്താം. https://www.ceir.gov.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.