ട്വിറ്റർ, മെറ്റാ തുടങ്ങിയ സാമൂഹിക വമ്പന്മാർക്ക് പിന്നാലെ പ്രമുഖ ലാപ്ടോപ്, ഇലക്ട്രോണിക്സ് നിർമ്മാതാക്കളായ എച്ച്. പിയും ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. ഏകദേശം 6000 ത്തോളം ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് റിപ്പോർട്ടുകൾ. ഫ്യൂച്ചർ റെഡി ട്രാൻസ്ഫോർമെഷൻ പ്ലാൻ
എന്ന പദ്ധതിയുടെ ഭാഗമായാണ് എച്ച്പിയുടെ ഈ പ്രഖ്യാപനം.
എച്ച്. പിയിൽ ഏകദേശം 50000 ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ഇതിൽ നിന്നും 6000 ത്തോളം ആളുകളെ പിരിച്ചുവിടാനാണ് കമ്പനിയുടെ തീരുമാനം. “ആഗോള തലത്തിൽ ഏകദേശം 4000-6000 ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ കമ്പനി തീരുമാനിച്ചു. ഈ പ്രവർത്തനങ്ങൾ 2025 സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ” കമ്പനി പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
കോവിഡ് കാലത്തെ കുതിച്ചുചാട്ടത്തിന് ശേഷം പിസി, ലാപ്‌ടോപ്പ് വിഭാഗത്തിലെ വിൽപ്പന കുത്തനെ കുറയുകയാണ് ഉണ്ടായത്. ലോക്ക്ഡൗൺ മാറിയതോടെ ലാപ്ടോപ്പ്, പിസികൾക്ക് ആവശ്യക്കാരും കുറഞ്ഞു. ഇത് വിചാരിച്ചതിലും കുറഞ്ഞ വരുമാനത്തിലേക്കാണ് കമ്പനിയെ നയിച്ചത്. വലിയ നഷ്ടത്തിൽ നിന്നും കമ്പനിയെ പിടിച്ചു നിർത്താനാണ് പിരിച്ചു വിടൽ എന്നാണ് വിലയിരുത്തുന്നത്. 2025 സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ കുറഞ്ഞത് 1.4 ബില്യൺ ഡോളറിന്റെ വാർഷിക മൊത്ത ചെലവ് ലാഭിക്കാൻ ഈ പിരിച്ചുവിടലിലൂടെ കമ്പനിക്ക് ആകും.