അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം വിലക്കുന്ന നിലപാടില്‍ നിന്ന് പിന്മാറാന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ട് ഹ്യൂമണ്‍ റൈറ്റ്സ് വാച്ച്. താലിബാന്‍ അഫ്ഗാന്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യഭ്യാസം വിലക്കുന്നതൊടെ രാജ്യത്തിന്റെ ഭാവിയെ ഇത് പ്രതികൂലമായി ബാധിക്കും. പെണ്‍കുട്ടികള്‍ക്കായി അഫ്ഗാനിസ്ഥാനിലെ സര്‍വ്വകലാശാലകളും സ്‌കൂളുകളും വീണ്ടും തുറക്കാനും സംഘടന ആവശ്യപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും അവര്‍ക്കായി പ്രവര്‍ത്തിക്കുമെന്നും താലിബാന്‍ ഭരണകൂടം അധികാരത്തിലേറിയ വേളയില്‍ പറഞ്ഞിരുന്നു. പിന്നീട് വെള്ളത്തില്‍ വരച്ച പോലെയായിരുന്നു താലിബാന്റെ വാഗ്ദാനം. പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും അവകാശങ്ങളെ വിലക്കിയാണ് സ്‌കൂളുകളും സര്‍വകലാശാലകളും പ്രവര്‍ത്തിച്ചത്.
പുതിയ അദ്ധ്യയന വര്‍ഷത്തില്‍ പെണ്‍കുട്ടികളെ ഭരണകൂടം തിരിച്ചയച്ചിരുന്നെന്നും എച്ച്ആര്‍ഡബ്ല്യൂ ഗവേഷക സഹാര്‍ ഫെട്രാറ്റ് പറഞ്ഞു. താലിബാന്‍ ഭരണകൂടത്തിന്റെ വിദ്യഭ്യാസ നിഷേധാത്മക നിലപാടില്‍ സ്ത്രീകള്‍ പൊതു നിരത്തിലിറങ്ങി പ്രതിഷേധിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേര്‍ രംഗത്ത് വന്നിരുന്നു.
താലിബാന്‍ ഭരണത്തിലേറിയത് മുതല്‍ സ്ത്രീകളുടെ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണ് നടക്കുന്നത്. അധികാരത്തിലേറിയപ്പോള്‍ സ്ത്രീ സ്വാതന്ത്ര്യത്തിനും കുട്ടികളുടെ അവകാശങ്ങള്‍ക്കും ആകും മുന്‍ഗണനയെന്നും അവര്‍ പറഞ്ഞിരുന്നു. ഈ വാഗ്ദാനങ്ങള്‍ കാറ്റില്‍ പറത്തുന്ന നിലപാടാണ് താലിബാന്‍ പിന്നീട് സ്വീകരിച്ചത്. എന്‍ജിഒകളില്‍ നിന്നും താലിബാന്‍ സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.