വരികള്‍ കൃത്യമായി ഓര്‍ക്കാത്തത് മൂലം ഇഷ്ടമുള്ള പാട്ട് ഓര്‍ത്തെടുക്കാന്‍ ഇനി മുതല്‍ ഇത്ര കഷ്ടപ്പെടേണ്ടന്നാണ് യൂട്യൂബ് പറയുന്നത്. പാട്ട് ഒന്ന് മൂളിയാല്‍ മതി സംഗതി എളുപ്പമാക്കി തരാം എന്ന് കാണിക്കുകയാണ് ‘ഹം ടു സെര്‍ച്ച്’ എന്ന പുതിയ എഐ ആപ്പിലൂടെ യുട്യൂബ്. പാട്ടിന്റെ ട്യൂണ്‍ മൂളിയോ അറിയാവുന്ന വരികള്‍ പറഞ്ഞോ പാട്ട് കണ്ടെത്താന്‍ സഹായിക്കുന്ന ഒരു കിടിലന്‍ ഫീച്ചറാണിത്.
സെര്‍ച്ച് ബാറില്‍ ടാപ്പുചെയ്ത് തരംഗരൂപ ചിഹ്നമുള്ള ഒരു ബട്ടണില്‍ ക്ലിക്കുചെയ്ത് ‘സൗണ്ട് സെര്‍ച്ച്’ അല്ലെങ്കില്‍ ‘ഹം ടു സെര്‍ച്ച്’ എന്നറിയപ്പെടുന്ന ഈ ഫീച്ചര്‍ ഉപയോഗിക്കാം. ഈ ഫീച്ചര്‍ ലോകമെമ്പാടുമുള്ള ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്കായി യുട്യൂബ് ലഭ്യമാക്കിയിട്ടുണ്ട്.
അതേസമയം ഇതിനൊപ്പം കോണ്‍വെര്‍സേഷണല്‍ റേഡിയോ എന്ന പേരില്‍ മറ്റൊരു എഐ ഫീച്ചര്‍ അവതരിപ്പിക്കാനും യൂട്യൂബ് ഇപ്പോള്‍ തയ്യാറെടുക്കുന്നുണ്ട്. ഉപയോക്താക്കള്‍ക്ക് തങ്ങളുടെ അഭിരുചിക്കും മാനസികാവസ്ഥയ്ക്കും ഏറ്റവും അനുയോജ്യമായ പാട്ടുകളുടെ പ്ലേലിസ്റ്റുകള്‍ക്കായി തിരയാന്‍ സഹായിക്കുന്ന ഫീച്ചറാണിത്.
നിലവില്‍ യുഎസിലെ തിരഞ്ഞെടുത്ത യൂട്യൂബ് പ്രീമിയം ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ആക്സസ് ചെയ്യാനാകും. അധികം വൈകാതെ ഇത് മുഴുവന്‍ പേരിലേക്കും എത്തിയേക്കും എന്നാണ് സൂചന.