ടൈറ്റാനിക് പര്യവേഷണത്തിനിടെ അറ്റ്ലാന്റിക് സമുദ്രത്തില്‍ തകര്‍ന്ന ടൈറ്റന്‍ പേടകത്തില്‍ മനുഷ്യശരീരത്തിന്റെ ഭാഗങ്ങളുമുണ്ടെന്ന് കണ്ടെത്തല്‍. യുഎസ് കോസ്റ്റ്ഗാര്‍ഡാണ് ഇക്കാര്യം അറിയിച്ചത്. കണ്ടെത്തിയ അവശിഷ്ടങ്ങളില്‍ വിശദമായ പരിശോധന നടത്തുമെന്നും കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു.
തകര്‍ന്ന സമുദ്രപേടകത്തിന്റെ അവശിഷ്ടങ്ങള്‍ കഴിഞ്ഞ ദിവസമാണ് ന്യൂഫൗണ്ട്ലാന്റിലെ സെന്റ് ജോണ്‍സ് തുറമുഖത്ത് എത്തിച്ചത്. തുടർന്നു നടത്തിയ പ്രാഥമിക പരിശോധനയില്‍ മനുഷ്യശരീരത്തിന്റെ ഭാഗങ്ങളുമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഇത് യുഎസില്‍ എത്തിച്ച്, ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വിശദ പരിശോധനക്കായി കൈമാറുമെന്ന് യുഎസ് കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. ദുരന്തം സംബന്ധിച്ച അന്വേഷണം നടത്തുന്ന മറൈന്‍ ബോര്‍ഡും ഇത് പരിശോധിക്കും.
അതേ സമയം, ദുരന്തത്തിന്റെ യാഥാര്‍ത്ഥ കാരണം കണ്ടെത്തുന്നതിന് ടൈറ്റന്റെ ശേഷിപ്പുകളില്‍ വിശദമായ പരിശോധന നടത്തണമെന്നും ഇതിലൂടെ ദുരന്തം ആവര്‍ത്തിക്കാതിരിക്കാനുളള മുന്‍കരുതല്‍ സ്വീകരിക്കാമെന്നും യുഎസ് കോസ്റ്റ്ഗാര്‍ഡ് ചീഫ് ക്യാപ്റ്റന്‍ ജാസന്‍ ന്യൂബര്‍ വ്യക്തമാക്കി.