കഴിഞ്ഞ മാസം 71 പേരുടെ മരണത്തിന് ഇടയാക്കിയ നേപ്പാള്‍ വിമാനാപകടത്തിന്റെ കാരണം പൈലറ്റിന് സംഭവിച്ച പിഴവെന്ന് റിപ്പോര്‍ട്ട്. പൈലറ്റുമാരില്‍ ഒരാള്‍ക്ക് സംഭവിച്ച അബദ്ധത്തെ തുടര്‍ന്നാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലെ സൂചന.
വിമാനം ലാന്‍ഡിംഗിനായി ക്രമീകരിക്കുന്നതിന് കോക്ക്പിറ്റിലെ ഫ്ലാപ്സ് ലിവര്‍ ഉപയോഗിക്കുന്നതിനുപകരം പൈലറ്റുമാരില്‍ ഒരാള്‍ എന്‍ജിന്‍ ഫെദേര്‍ഡ് പൊസിഷനിലാക്കുന്ന ലിവര്‍ ഉപയോഗിച്ചതായാണ് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് എന്‍ജിനുകളിലേക്ക് വൈദ്യുതി പ്രവാഹം നിലക്കുകയും അപകടത്തിന് കാരണമാവുകയും ചെയ്തെന്ന് അന്വേഷണ സംഘം പറയുന്നു.
വിമാനം ലാന്‍ഡിങ് സമയത്ത് എന്‍ജിനുകളുടെ പ്രവര്‍ത്തനം മന്ദഗതിയിലാക്കുന്ന പ്രവര്‍ത്തനമാണ് ഫെദര്‍ പൊസിഷനിലേക്ക് മാറ്റുമ്പോള്‍ സംഭവിക്കുക. രണ്ട് എന്‍ജിനുകളുടെയും പ്രൊപ്പല്ലറുകള്‍ ഒരേസമയം ഫെദര്‍ പൊസിഷനിലേക്ക് വരുന്നത് അപൂര്‍വമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു ജനുവരി 15 ന് കാഠ്മണ്ഡുവിലെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് അഞ്ച് ഇന്ത്യക്കാരുള്‍പ്പെടെ 71 പേരുടെ മരണത്തിന് ഇടയാക്കിയ യെതി എയര്‍ലൈന്‍സ് 691 വിമാനം പറന്നുയര്‍ന്നത്.
എന്നാല്‍ റിസോര്‍ട്ട് നഗരമായ പൊഖാറയിലെ പഴയ വിമാനത്താവളത്തിനും പുതിയ വിമാനത്താവളത്തിനും ഇടയിലുള്ള സേതി നദിയിലേക്ക്് വിമാനം തകര്‍ന്നുവീഴുകയായിരുന്നു. അപകടസമയത്ത് വിമാനത്തിന്റെ എന്‍ജിനുകള്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമായിരുന്നു. രണ്ട് ക്യാപ്റ്റന്‍മാരാണ് വിമാനം പ്രവര്‍ത്തിപ്പിച്ചിരുന്നത്. നാല് ജീവനക്കാരുള്‍പ്പെടെ 72 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. 71 മൃതദേഹങ്ങള്‍ മാത്രമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇതുവരെ കണ്ടെടുക്കാനായത്. കാണാതായ യാത്രക്കാരന്‍ മരിച്ചതായി കണക്കാക്കിയിരിക്കുകയാണ്.