മ്യാന്മറിലെ സൈനിക ഭരണകൂടത്തിനെതിരെ പ്രമേയം പാസാക്കി യുഎൻ രക്ഷാസമിതി. മനുഷ്യാവകാശങ്ങളെയും മൗലിക സ്വാതന്ത്ര്യത്തെയും നിയമവാഴ്ചയെയും ബഹുമാനിക്കണമെന്നാണ് പ്രമേയത്തിലെ പ്രധാന ആവശ്യം. മ്യാന്മർ സ്വാതന്ത്ര്യം നേടിയ ശേഷം രാജ്യത്തെ പ്രക്ഷുബ്ധമായ സ്ഥിതിഗതികൾ സംബന്ധിച്ച് യുഎൻ ആദ്യമായാണ് പ്രമേയം പാസാക്കുന്നത്.
രാജ്യത്തെ എല്ലാ തരത്തിലുള്ള അക്രമങ്ങളും ഉടൻ അവസാനിപ്പിക്കണമെന്ന് പ്രമേയം മ്യാന്മറിനോട് ആവശ്യപ്പെടുന്നു. ജനങ്ങൾക്കുനേരെയുള്ള അക്രമം അവസാനിപ്പിച്ച് പൗരസ്വാതന്ത്ര്യത്തിന് വില കല്പിക്കാൻ സൈനിക ഭരണകൂടം തയ്യാറാകണം. മനുഷ്യാവകാശങ്ങളെയും മൗലിക സ്വാതന്ത്ര്യത്തെയും നിയമവാഴ്ചയെയും ബഹുമാനിക്കണം. പീഡിപ്പിക്കപ്പെടുന്ന മുസ്ലീം ന്യൂനപക്ഷമായ റോഹിങ്ക്യകൾ ഉൾപ്പെടെ സ്ത്രീകൾക്കും കുട്ടികൾക്കും കുടിയിറക്കപ്പെട്ട ജനവിഭാഗങ്ങൾക്കും ഊന്നൽ നൽകിക്കൊണ്ട്, അക്രമത്തിന് ഇരയായവർക്ക് കൂടുതൽ മാനുഷിക സഹായം നൽകണം. പ്രമേയം ആവശ്യപ്പെട്ടു.
ഇതിന് മുൻപ്, അംഗത്വം അംഗീകരിച്ചുകൊണ്ട് 1948 ലാണ് യുഎൻ പ്രമേയം പാസാക്കിയിട്ടുള്ളത്. 12 അംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ചപ്പോൾ ഇന്ത്യയും ചൈനയും റഷ്യയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.