താനൂരിൽ ഉല്ലാസയാത്രാ ബോട്ട് മുങ്ങി 22 പേർ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മലപ്പുറം ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും ആലപ്പുഴ ചീഫ് പോർട്ട് സർവേയറും പത്ത് ദിവസത്തിനകം അപകടത്തെ സംബന്ധിച്ച വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജു നാഥ് ആവശ്യപ്പെട്ടു.
മെയ് 19ന് തിരൂരിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. മാധ്യമ വാർത്തകളിൽ നിറഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആണ് കമ്മീഷൻ സ്വമേധയാ കേസെടുത്തത്. അതിനിടെ അപകടത്തിൽപ്പെട്ട ബോട്ടിന് രജിസ്ട്രേഷനില്ലെന്ന് രജിസ്റ്ററിങ് അതോറിറ്റി വെളിപ്പെടുത്തി. അംഗീകാരമില്ലാതെയാണ് ബോട്ട് സർവീസ് നടത്തി വന്നത്. ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.