കൊച്ചിയിൽനിന്ന് രണ്ട് സ്ത്രീകളെ കടത്തിക്കൊണ്ടുപോയി തിരുവല്ല ഇലന്തൂരിൽ എത്തിച്ച് കൊലപ്പെടുത്തിയ സംഭവം നരബലിയെന്ന് സ്ഥിരീകരിച്ച് പോലീസ്. കുടുംബത്തിന്റെ ഐശ്വര്യ പ്രാപ്തിക്കു വേണ്ടിയുള്ള ആഭിചാരകർമ്മത്തിലാണ് നരബലി നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് തിരുവല്ല സ്വദേശിയായ വൈദ്യൻ ഭഗവൽ സിങ്, ഭാര്യ ലൈല, പെരുമ്പാവൂർ സ്വദേശിയായ ഏജന്റ് മുഹമ്മദ് ഷാഫി എന്ന ഷിഹാബ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
കാലടി സ്വദേശിനിയായ റോസിലി, കടവന്ത്ര പൊന്നുരുന്നി സ്വദേശിനിയായ പത്മം എന്നിവരാണ് കൊല്ലപ്പെട്ടത്. പത്മത്തെ കാണാനില്ല എന്ന പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ദുർമന്ത്രവാദവും നരബലിയും സംബന്ധിച്ച വിവരങ്ങൾ പുറത്തുവരുന്നത്. കൊല്ലപ്പെട്ട രണ്ടു സ്ത്രീകളും ലോട്ടറി കച്ചവടക്കാരാണ്.
സെപ്റ്റംബർ 26-നാണ് പത്മത്തെ കാണാതായത്. സെപ്റ്റംബർ 27-ന് ബന്ധുക്കൾ ഇതുസംബന്ധിച്ച് പോലീസിൽ പരാതി നൽകി. കടവന്ത്ര പോലീസ് നടത്തിയ അന്വേഷണത്തിൽ പത്മത്തിന്റെ മൊബൈൽ ടവർ ലൊക്കേഷൻ അവസാനമായി തിരുവല്ലയിലാണെന്ന് കണ്ടെത്തി. തുടർന്ന് തിരുവല്ല കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പത്മത്തെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുഴിച്ചിട്ടതായി വ്യക്തമായത്.
നരബലിയുടെ ഭാഗമായി ആദ്യകൊലപാതകം നടത്തിയത് ജൂൺ മാസത്തിലാണെന്നാണ് പോലീസിന്റെ നിഗമനം. ജൂൺ മാസത്തിൽ കാലടിയിൽനിന്ന് കടത്തിക്കൊണ്ടുപോയ റോസിലിയെയാണ് അന്ന് കൊലപ്പെടുത്തിയത്. ഓഗസ്റ്റ് മാസത്തിലാണ് റോസിലിയെ കാണാനില്ലെന്ന പരാതി പോലീസിന് ലഭിച്ചത്. തുടർന്ന് പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് കടവന്ത്രയിൽനിന്ന് പത്മത്തെയും കാണാതായത്. ഈ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകങ്ങളുടെ ചുരുളഴിഞ്ഞത്.