Tuesday, November 26, 2024

യു.എ.ഇയില്‍ മനുഷ്യക്കടത്ത് തട്ടിപ്പുകള്‍ വ്യാപകം: മലയാളി യുവതിയുടെ വെളിപ്പെടുത്തല്‍

യു.എ.ഇയില്‍ മനുഷ്യക്കടത്ത് സംഘത്തിന്റെ തട്ടിപ്പുകള്‍ വ്യാപകമാണെന്ന വെളിപ്പെടുത്തലുമായി മലയാളി യുവതി. സാമൂഹ്യപ്രവർത്തകർ ചേർന്ന് മനുഷ്യക്കടത്ത് സംഘത്തിന്റെ വലയില്‍നിന്നും രക്ഷപ്പെടുത്തിയ പത്തനംതിട്ട സ്വദേശിനിയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ഇന്ത്യക്കാർ ഉൾപ്പെടെ ഒട്ടേറെ സ്ത്രീകൾ ഈ സംഘത്തിന്റെ ചതിയിലകപ്പെട്ടിട്ടുണ്ടെന്നും യുവതി പറയുന്നു.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പെണ്‍കുട്ടികളെ മികച്ചജോലി വാഗ്ദാനം ചെയ്ത് യു.എ.ഇയിൽ എത്തിക്കുകയും പാസ്പോർട്ട് പിടിച്ചുവയ്ക്കുകയുമാണ് സംഘം ചെയ്യുന്നത്. പിന്നീട് ഇവരെ വിവിധ പ്രദേശങ്ങളിൽ വീട്ടുജോലി അടക്കമുള്ള പല ജോലികൾക്കായി അയയ്ക്കുകയും ചെയ്യും. ഇത്തരത്തില്‍ ഒട്ടേറെ സ്ത്രീകൾ ഈ സംഘത്തിന്റെ ചതിയിലകപ്പെട്ട് റാസൽഖൈമയിലെ വില്ലയിൽ കഴിയുന്നുണ്ടെന്നും രക്ഷപെട്ട യുവതി വെളിപ്പെടുത്തി.

സംഭവം ഇങ്ങനെ…

നഴ്സിംഗ് അസിസ്റ്റന്റ് ജോലി വാഗ്ദാനംചെയ്ത ഒരു ഏജന്റ് വഴിയാണ് പത്തനംതിട്ട സ്വദേശിനിയായ യുവതി യു.എ.ഇയിൽ എത്തുന്നത്. എന്നാൽ ഇവിടെ എത്തിയതോടെ പെൺകുട്ടിയുടെ പാസ്പോർട്ട് അടക്കം സംഘം കൈവശപ്പെടുത്തി. തുടർന്ന് ഈ പെൺകുട്ടിയെ റാസൽഖൈമയിലെ വില്ലയിലെത്തിച്ചു. ഇവിടെയെത്തി സാഹചര്യങ്ങൾ മനസ്സിലാക്കിയതോടെയാണ് താൻ കെണിയിലകപ്പെട്ടുവെന്ന് യുവതി മനസ്സിലാക്കുന്നത്. ഒപ്പം താമസിച്ചിരുന്ന ഒരു ശ്രീലങ്കൻ സ്വദേശിനിയിൽ നിന്നും വീട്ടിലേക്ക് ഒരു വാട്സ്ആപ്പ് സന്ദേശം അയയ്ക്കാനായതാണ് പെൺകുട്ടിക്ക് രക്ഷയായത്.

പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതി ലഭിച്ച ഗ്ലോബൽ പ്രവാസി യൂണിയൻ പ്രവർത്തകരും യു.എ.ഇ പൊലീസും ചേർന്നാണ് ഇവരെ രക്ഷപെടുത്തിയത്. ഈ വർഷം തന്നെ ഗ്ലോബൽ പ്രവാസി യൂണിയൻ ഇത്തരത്തിൽ രക്ഷപെടുത്തുന്ന ഒമ്പതാമത്തെ പെൺകുട്ടിയാണിത്.

Latest News