Sunday, November 24, 2024

ഗാസയില്‍ മാനുഷിക ഇടനാഴി ഒരുക്കണം: ലോകാരോഗ്യ സംഘടന

ഹമാസ് ഭീകരര്‍ ഇസ്രയേലിനെതിരെ ആരംഭിച്ച യുദ്ധം രൂക്ഷമാകുന്നതിനിടെ ഗാസയില്‍ മാനുഷിക ഇടനാഴി ഒരുക്കണമെന്ന നിര്‍ദേശവുമായി ലോകാരോഗ്യ സംഘടന. ഗാസയിലേക്ക് മരുന്നും വൈദ്യസഹായവും എത്തിക്കുന്നതിനാണ് ലോകാരോഗ്യ സംഘടന മാനുഷിക ഇടനാഴി ഒരുക്കണമെന്ന് ആവശ്യപ്പെട്ടത്. അതിനിടെ, 20 മില്യണ്‍ ഡോളറിന്റെ മാനുഷിക സഹായം പാലസ്തീന് പ്രഖ്യാപിച്ച് യു.എ.ഇ ഭരണകൂടം രംഗത്തെത്തി.

ഇസ്രയേല്‍ തിരിച്ചടിയില്‍ വ്യപകനഷ്ടം ഉണ്ടായതിനെ തുടര്‍ന്ന് ഗാസയിൽ വൈദ്യുതി ബന്ധം നിലയ്ക്കുകയും ഭക്ഷണത്തിനും വെള്ളത്തിനും ദൗര്‍ലഭ്യം നേരിടുകയും ചെയ്തിരുന്നു. ഏകദേശം 45000 ൽ അധികം പേർ ഐക്യരാഷ്ട്രസഭയുടെ അഭയാർഥിക്യാമ്പുകളിലേക്കും മാറി. ഈ സാഹചര്യത്തിലാണ് മാനുഷിക ഇടനാഴി ഒരുക്കണമെന്നു ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനായി വെടിനിർത്തൽ വേണമെന്നും ഡബ്ലു.എച്ച്.ഒ ആവശ്യപ്പെട്ടു.

അതേസമയം, ഇസ്രയേൽ-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പലസ്തീനുള്ള ധനസഹായം യൂറോപ്യൻ യൂണിയൻ നിർത്തിവച്ചതിനു പിന്നാലെ 20 മില്യണ്‍ ഡോളറിന്റെ മാനുഷിക സഹായം നല്‍കുമെന്ന് യു.എ.ഇ പ്രഖ്യാപിച്ചു. പലസ്തീനില്‍ ജീവകാരുണ്യ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഐക്യരാഷ്ട്ര സഭ ഏജന്‍സിയായ യു.എന്‍.ആര്‍.ഡബ്ല്യൂ.എ വഴിയാണ് സഹായം എത്തിക്കുക. ദുരിതം അനുഭവിക്കുന്ന സമൂഹങ്ങള്‍ക്ക് പ്രതിസന്ധി ഘട്ടങ്ങളില്‍ അടിയന്തര ആശ്വാസം പകരുകയെന്ന നയത്തിന്റെ ഭാഗമായാണ് സഹായമെത്തിക്കുന്നതെന്ന് യു.എ.ഇ.യുടെ ഔദ്യാഗിക വാര്‍ത്താ ഏജന്‍സിയായ വാം റിപ്പോര്‍ട്ട്‌ചെയ്തു. പലസ്തീന്‍ നാഷണല്‍ അതോറിറ്റി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിനെ ഫോണില്‍ വിളിച്ചാണ് സൗദി കിരീടാവകാശിയും പ്രധാന മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ പിന്തുണ അറിയിച്ചത്.

Latest News