Tuesday, November 26, 2024

സ്‌കൂളില്‍ പോകാതിരിക്കാന്‍ പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കുന്നു; ഗുരുതര ആരോപണവുമായി ഇറാന്‍ മന്ത്രി

ഇറാനില്‍ പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നത് തടയാന്‍ വിഷം നല്‍കുന്നു എന്ന ആരോപണവുമായി ഇറാനിയന്‍ ഡെപ്യൂട്ടി ആരോഗ്യ മന്ത്രി യൂനുസ് പാനാഹി. ടെഹ്റാനടുത്തുള്ള ക്വാമില്‍ നിരവധി പെണ്‍കുട്ടികള്‍ക്ക് ശ്വാസ കോശവിഷബാധ സ്ഥിരീകരിച്ചെന്നും പാനാഹി പറഞ്ഞു.

കഴിഞ്ഞ നവംബര്‍ മുതല്‍ ക്വാമില്‍ നിരവധി പെണ്‍കുട്ടികള്‍ക്ക് വിഷബാധയേറ്റ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ‘വിഷം നല്‍കുന്നത് ആസൂത്രിതമാണ്. പെണ്‍കുട്ടികള്‍ പഠിക്കുന്ന എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങളും അടച്ചു പൂട്ടണമെന്നാണ് ചിലര്‍ ആഗ്രഹിക്കുന്നത്. ഈ വിഷ ബാധ വ്യക്തമാക്കുന്നത് ആ ആസൂത്രിത നീക്കത്തെയാണ്.’ ഡെപ്യൂട്ടി ആരോഗ്യ മന്ത്രി യൂനെസ് പാനാഹി ആരോപിച്ചു.

എന്നാല്‍ വിഷബാധയുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റുകളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് ഇറാനിയന്‍ വാര്‍ത്ത ഏജന്‍സിയായ ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തു. വിഷബാധയേപ്പറ്റി ഇന്റലിജന്‍സ് വിഭാഗവും വിദ്യാഭ്യാസ വകുപ്പും അന്വേഷിക്കുകയാണെന്ന് ഗവണ്‍മെന്റ് വക്താവ് അലി ബഹദോരി ജെറോമി അറിയിച്ചു.

ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് 22-കാരി അഹ്സ അമീനിയെ കൊലപ്പെടുത്തിയതിനു പിന്നാലെ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭങ്ങള്‍ ലോകമെമ്പാടും വലിയ വാര്‍ത്തയായിരുന്നു. അതിന് പിന്നാലെയാണ് ഇറാനില്‍നിന്ന് ഞെട്ടിക്കുന്ന പുതിയ വിവരം പുറത്തുവരുന്നത്.

 

 

 

Latest News