ടിബറ്റിനെ പിടിച്ചുകുലുക്കിയ ശക്തമായ ഭൂചലനത്തിൽ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷപെടുത്തുന്നതിനുള്ള ശ്രമങ്ങൾ തുടരുന്നു. എവറസ്റ്റ് കൊടുമുടിയുടെ അടിത്തട്ടിൽനിന്ന് 50 മൈൽ അകലെ ചൊവ്വാഴ്ച ഉണ്ടായ ഭൂകമ്പത്തിൽ ആയിരക്കണക്കിന് വീടുകളാണ് തകർന്നത്.
ഇതുവരെ 400 ലധികം പേരെ രക്ഷപെടുത്തിയതായി ചൈനീസ് സ്റ്റേറ്റ് മീഡിയ പറയുന്നു. എന്നാൽ അതിശൈത്യം രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. ശൈത്യകാല താപനില ഒറ്റ രാത്രികൊണ്ട് -16 ഡിഗ്രി സെൽഷ്യസായി കുറഞ്ഞതിനാൽ മന്ദഗതിയിലായ രക്ഷാപ്രവർത്തനം ഊർജിതമാക്കാനും വേണ്ട നടപടികൾക്ക് നേതൃത്വം നൽകാനും വൈസ് പ്രീമിയർ ഷാങ് ഗുവോക്കിംഗ് ബുധനാഴ്ച ദുരിതബാധിത പ്രദേശത്ത് എത്തിയിരുന്നു.
ഒരു പ്രധാന ജിയോളജിക്കൽ ഫാൾട്ട് ലൈനിൽ സ്ഥിതിചെയ്യുന്ന ഈ മേഖലയിൽ ഭൂകമ്പങ്ങൾ സാധാരണമാണ്. എന്നാൽ ചൊവ്വാഴ്ച ഉണ്ടായത് ചൈനയിലെ സമീപവർഷങ്ങളിലെ ഏറ്റവും മാരകമായ ഭൂകമ്പങ്ങളിലൊന്നായിരുന്നു. യു. എസ്. ജിയോളജിക്കൽ സർവേയുടെ കണക്കുകൾപ്രകാരം 10 കിലോമീറ്റർ (ആറ് മൈൽ) ആഴത്തിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം നേപ്പാളിലും ഇന്ത്യയുടെ ചില ഭാഗങ്ങളിലും അനുഭവപ്പെട്ടിരുന്നു.
ദുരന്തബാധിത മേഖലയിൽ 30,000 ത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചതായി പീപ്പിൾസ് ഡെയ്ലി റിപ്പോർട്ട് ചെയ്തു. പ്രഭവകേന്ദ്രത്തിനടുത്തുള്ള ടിംഗ്രി കൗണ്ടിയിൽ ബുധനാഴ്ച രാവിലെ വൈദ്യുതിയും മൊബൈൽ ഫോൺ സേവനവും പുനഃസ്ഥാപിച്ചതായി സംസ്ഥാന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.