കാത്തലിക് റിലീഫ് സര്‍വീസസ് നടത്തിയ പഠനം അനുസരിച്ച് നിലവില്‍ ലോകത്തിലെ എഴുനൂറ് ദശലക്ഷം ആളുകള്‍ പോഷകാഹാരക്കുറവുള്ളവരാണ്. ലോകത്തിന്റെ ചില പ്രദേശങ്ങളില്‍, ഭക്ഷ്യ അരക്ഷിതാവസ്ഥ പെട്ടെന്ന് ക്ഷാമം പോലുള്ള അവസ്ഥയിലേക്ക് നീങ്ങുന്നതായും കണ്ടെത്തി.
”ഞങ്ങള്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ഫണ്ടിംഗ് അഭാവം യുഎന്‍ അഭിമുഖീകരിക്കുന്നു. പിന്തുണ ആവശ്യമുള്ള ദുര്‍ബലരായ ആളുകളുടെ എണ്ണം അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്’. വിവിധ ഏജന്‍സികളിലൂടെ മാനുഷിക സഹായം ഏകോപിപ്പിക്കുന്ന യുഎന്‍ മാനുഷിക കാര്യങ്ങളുടെ യുഎന്‍ അണ്ടര്‍ സെക്രട്ടറി ജനറലും എമര്‍ജന്‍സി റിലീഫ് കോര്‍ഡിനേറ്ററുമായ മാര്‍ട്ടിന്‍ ഗ്രിഫിത്ത്‌സ് പറഞ്ഞു.
200 ദശലക്ഷത്തിലധികം ആളുകളെ സഹായിക്കാന്‍ യുഎന്‍ ഏജന്‍സികള്‍ക്കും അവരുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഗ്രൂപ്പുകള്‍ക്കും 2022-ല്‍ 48.7 ബില്യണ്‍ ഡോളര്‍ ആവശ്യമുണ്ടെന്നും എന്നാല്‍ അതിന്റെ മൂന്നിലൊന്നില്‍ താഴെ മാത്രമാണ് അവര്‍ ഇതുവരെ സമാഹരിച്ചതെന്നും ഗ്രിഫിത്ത്‌സ് പറഞ്ഞു.
തല്‍ഫലമായി, വടക്കന്‍ ഇറാഖിലെ സിറിയന്‍ അഭയാര്‍ത്ഥികള്‍ക്കുള്ള ക്യാമ്പുകളില്‍ ശുദ്ധജലം, അവശ്യവസ്തുക്കള്‍, വൈദ്യുതി എന്നിവ വെട്ടിക്കുറയ്‌ക്കേണ്ടിവന്നു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ആളുകള്‍ക്കും സഹായം നല്‍കാനാവുന്നില്ല. ദക്ഷിണ സുഡാനിലേയും സ്ഥിതി സമാനമാണ്. എത്യോപ്യയില്‍, ഒക്ടോബറില്‍ ഏകദേശം 750,000 അഭയാര്‍ത്ഥികള്‍ക്ക് ഭക്ഷണമില്ലാതാകാന്‍ സാധ്യതയുണ്ട്. എത്യോപ്യ, കെനിയ, സൊമാലിയ എന്നിവിടങ്ങളില്‍ 22 ദശലക്ഷം ആളുകള്‍ കടുത്ത പട്ടിണി നേരിടുന്നതായി വേള്‍ഡ് ഫുഡ് പ്രോഗ്രാം റിപ്പോര്‍ട്ട് ചെയ്യുന്നു. പട്ടിണിയും ദശലക്ഷക്കണക്കിന് കന്നുകാലികളുടെ മരണവും 7 ദശലക്ഷത്തിലധികം ആളുകളെ നാടുവിടാന്‍ നിര്‍ബന്ധിതരാക്കിയതായി വോയ്‌സ് ഓഫ് അമേരിക്ക റിപ്പോര്‍ട്ട് ചെയ്തു.
‘ആളുകള്‍ക്ക് അന്തസ്സുള്ള മനുഷ്യരായി ജീവിക്കാനുള്ള അവകാശം നഷ്ടപ്പെടുന്ന ഒരു മാനുഷിക ദുരന്തമാണ് ലോകം അഭിമുഖീകരിക്കുന്നത്’. കാരിത്താസ് ഇന്റര്‍നാഷണലിസ് സെക്രട്ടറി ജനറല്‍ അലോഷ്യസ് ജോണ്‍ പറഞ്ഞു. യുഎന്‍ ഹ്യൂമാനിറ്റേറിയന്‍ ഓഫീസ് ഈ വര്‍ഷം 6 ബില്യണ്‍ ഡോളറിലധികം ലോകത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.