തെക്കേ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കനത്ത നാശം വിതച്ച ഫ്രെഡി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 220 കടന്നു. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ മരിച്ചവരില്‍ കുട്ടികളാണ് ഏറെയും. രക്ഷാപ്രവര്‍ത്തനം തുടരുമ്പോഴും മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫെബ്രുവരി അവസാനം മുതല്‍ ശക്തിയാര്‍ജ്ജിച്ച ഫ്രെഡി തെക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളായ മലാവി, മൊസംബിക്ക്, മഡഗാസ്കര്‍ എന്നിവിടങ്ങളിലാണ് കനത്ത ദുരിതം വിതച്ചത്. മലാവിയുടെ തെക്കന്‍ മേഖലയായ ബ്ലാന്‍ടയറില്‍ 199 പേര് മരിച്ചതായി സ്ഥിരീകരിച്ചു. ദുരന്ത ബാധിത മേഖലകളില്‍ നിന്നും ആളുകളെ മാറ്റി പാര്‍പ്പിച്ചതായി മലാവി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 19,000 ത്തിലധികം ആളുകള്‍ ഇവിടെ നിന്നും പലായനം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.
മലാവിയുടെ അയല്‍രാജ്യമായ മൊസാംബിക്കില്‍ ഇതുവരെ 20 പേരുടെ ജീവന് നഷ്ടമായതായാണ് വിവരം. ഒരുമാസത്തിനിടെ രണ്ടാം തവണയാണ് ഫ്രെഡി തെക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ആഞ്ഞടിക്കുന്നത്. ഇടയ്ക്കിടെ ദുര്‍ബലമാവുകയും പിന്നീട് ശക്തിയാര്‍ജ്ജിക്കുകയും ചെയ്യുന്ന പ്രകൃതമാണ് ഫ്രെഡിക്കുള്ളത്. ഫെബ്രുവരി ആദ്യം വടക്കന്‍ ഓസ്ട്രേലിയന്‍ തീരത്തു രൂപപ്പെട്ട ചുഴലിക്കാറ്റ് ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ സഞ്ചരിച്ച് ആഫ്രിക്കയുടെ തെക്കന്‍ മേഖലയില്‍ എത്തുകയായിരുന്നു.
ആദ്യഘട്ടത്തില്‍ ഫെബ്രുവരി 21-ന് മഡഗാസ്കറിലെ തെക്ക്-കിഴക്കൻ തീരത്താണ് ചുഴലിക്കാറ്റ് എത്തിയത്. പിന്നീട് ഇത് മൗറീഷ്യസിലേയ്ക്കും ലാ റയുനിയനിലേക്കും വ്യാപിച്ചിരുന്നു. ദുര്‍ബലമായി എത്തിയ ചുഴലിക്കാറ്റ് രണ്ടാം ഘട്ടത്തില്‍ ശക്തിയാര്‍ജ്ജിക്കുകയായിരുന്നു.