തെക്കൻ കാലിഫോർണിയയിൽ ആഞ്ഞടിച്ച ഹിലരി ചുഴലിക്കാറ്റിനു പിന്നാലെ വിവിധയിടങ്ങളില്‍ മുന്നറിയിപ്പുമായി അധികൃതര്‍. കാലിഫോർണിയയിലെ നഗരങ്ങൾ, മരുഭൂമികൾ, പർവതങ്ങൾ, താഴ്‌വരകൾ എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിൽ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. ജനങ്ങളോട് വീട്ടിലിരിക്കാനും വാഹനമോടിക്കുന്നത് ഒഴിവാക്കാനും നിര്‍ദേശമുണ്ട്.
ലോസ് ഏഞ്ചൽസിൽ മിന്നൽപ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തെക്കുകിഴക്കൻ കാലിഫോർണിയ, പടിഞ്ഞാറൻ അരിസോണ, തെക്കൻ നെവാഡ, തെക്കുപടിഞ്ഞാറൻ യൂട്ട എന്നിവിടങ്ങളിൽ ഇന്നു രാത്രി ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷകർ അറിയിച്ചു. തെക്കന്‍ കാലിഫോര്‍ണിയയിലെ പലയിടങ്ങളിലും ശക്തമായ മഴ തുടരുകയാണ്. പലയിടങ്ങളിലും റോഡ് ഗതാഗതം തടസ്സപ്പെട്ടു. നിരവധി വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്.
മുൻകരുതലിന്റെ ഭാഗമായി അമേരിക്കൻ – മെക്സിക്കോ അതിർത്തികളിലെ ബീച്ചുകൾ അടച്ചിടുമെന്ന് കാലിഫോർണിയ സ്റ്റേറ്റ് പാർക്കുകൾ അറിയിച്ചു. കൊടുങ്കാറ്റിനെ തുടർന്ന് 1,000-ലധികം വിമാനങ്ങൾ ഞായറാഴ്ച മാത്രം റദ്ദാക്കിക്കുകയും 4,400-ലധികം വിമാനങ്ങൾ വൈകുകയും ചെയ്തു.