ഫ്ലോറിഡയിലുടനീളം വൻനാശം വിതച്ച മിൽട്ടൺ ചുഴലിക്കാറ്റിൽ 14 പേർ മരിച്ചു. കൊടുങ്കാറ്റിന്റെ ഫലമായി വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെടുകയും ദശലക്ഷക്കണക്കിന് ആളുകളുടെ സാധാരണജീവിതം താറുമാറാകുകയും ചെയ്തു. ബുധനാഴ്ച രാത്രി ഫ്ലോറിഡ ഗൾഫ് തീരത്ത് രൂപംകൊണ്ട കൊടുങ്കാറ്റ് ബുധനാഴ്ചയോടെയാണ് അമേരിക്കൻ തീരത്തെത്തിയത്.
തിരച്ചിൽ – രക്ഷാപ്രവർത്തനം തുടരുന്നതിനാൽ കൂടുതൽ അപകടങ്ങൾ ഇനിയും റിപ്പോർട്ട് ചെയ്യപ്പെടുമെന്ന് ഗവർണർ റോൺ ഡിസാന്റിസ് മുന്നറിയിപ്പ് നൽകി. വിനാശകരമായ ഹെലിൻ ചുഴലിക്കാറ്റ് ആഞ്ഞടിച്ച് രണ്ടാഴ്ചയ്ക്കുള്ളിലാണ് സംസ്ഥാനം അടുത്ത പ്രകൃതിക്ഷോഭത്തെ നേരിട്ടത്. കൊടുങ്കാറ്റിനുമുൻപ് തെക്കൻ ഫ്ലോറിഡയിൽ കനത്ത മഴ അനുഭവപ്പെട്ടിരുന്നു.
“ഇത് വളരെ ഭയാനകമായിരുന്നു” – ഫ്ലോറിഡയുടെ കിഴക്കൻതീരത്തുള്ള ഫോർട്ട് പിയേഴ്സിലെ താമസക്കാരിയായ 70-കാരി സൂസൻ സ്റ്റെപ്പ് പറഞ്ഞു. കനത്ത നാശനഷ്ടമുണ്ടായ ഫ്ലോറിഡ കൗണ്ടികളായ ഹിൽസ്ബറോ, പിനെല്ലാസ്, സരസോട്ട, ലീ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ ജനങ്ങളോട് വീട്ടിലിരിക്കണമെന്ന് അഭ്യർഥിച്ചു. കൊടുങ്കാറ്റിന്റെ ഫലമായി പൊട്ടിയ വൈദ്യുതിലൈനുകളോ, റോഡുകളിൽ വീണുകിടക്കുന്ന മരങ്ങളോ, തകർന്ന പാലങ്ങളോ, വെള്ളക്കെട്ടുകളോ ഉണ്ടാകാമെന്ന് മുന്നറിയിപ്പ് നൽകി. “പുറത്തിറങ്ങുന്നത് എപ്പോൾ സുരക്ഷിതമാണെന്ന് ഞങ്ങൾ നിങ്ങളെ അറിയിക്കും” – ടാംപയിലെ ഹിൽസ്ബറോ കൗണ്ടിയിലെ ഷെരീഫ് ചാഡ് ക്രോണിസ്റ്റർ ഫേസ്ബുക്കിൽ പറഞ്ഞു.