Monday, November 25, 2024

മെക്സിക്കോ നഗരത്തിൽ നാശംവിതച്ച് ഹരിക്കെയ്ന്‍ ഒറ്റിസ് കൊടുങ്കാറ്റ്: മരണസംഖ്യ വീണ്ടും ഉയര്‍ന്നു

മെക്സിക്കോയില്‍ വീശയടിച്ച ഹരിക്കെയ്ന്‍ ഒറ്റിസ് കൊടുങ്കാറ്റിനെതുടര്‍ന്ന് മരിച്ചവരുടെ എണ്ണം വീണ്ടും ഉയര്‍ന്നു. ഇതുവരെ 48 പേര്‍ മരിച്ചതായി മെക്സിക്കന്‍ അധികൃതരെ ഉദ്ധരിച്ച് അസ്സോസിയേറ്റഡ് പ്രസ്സ് റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരിലധികവും മെക്സിക്കന്‍ നഗരമായ അക്കാപ്പുൾകോയിലാണെന്നും അധികൃതര്‍ അറിയിച്ചു.

മരിച്ചവരിൽ 43 പേർ റിസോർട്ട് നഗരമായ അക്കാപ്പുൾകോയിലും അഞ്ചുപേർ അടുത്തുള്ള കൊയുക ഡി ബെനിറ്റസിലും ആണെന്ന് മെക്സിക്കോയുടെ സിവിൽ ഡിഫൻസ് ഏജൻസി പ്രസ്താവനയിലൂടെപറഞ്ഞു. വെള്ളിയാഴ്ചവരെ പത്തുപേരെ ആയിരുന്നു കൊടുങ്കാറ്റിനെതുടര്‍ന്ന് കാണാതായിരുന്നത്. ശനിയാഴ്ച ഇത് പത്തിൽ നിന്ന് 38 ആയി ഉയര്‍ന്നു. ഇതിനു പിന്നാലെയാണ് ഞായറാഴ്ച 48 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചത്.

അതേസമയം, അക്കാപ്പുൾകോ ഉള്‍പ്പടെ ദുരിതബാധിത മേഖലകളിലില്‍ തിരച്ചിൽ തുടരുകയാണ്. സർക്കാർ ജീവനക്കാരും സന്നദ്ധപ്രവർത്തകരും ചെളിയും അവശിഷ്ടങ്ങളും നിറഞ്ഞ തെരുവുകൾ വൃത്തിയാക്കി. റോഡുകള്‍ ഗതാഗതയോഗ്യമാക്കാനുളള ശ്രമങ്ങള്‍ തുടര്‍ന്നുവരികയാണ്. കൊടുങ്കാറ്റിനെതുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളുടെ കണക്കുകള്‍ ശേഖരിക്കുന്നതിനുള്ള നീക്കങ്ങളും അധികൃതര്‍ ആരംഭിച്ചു

Latest News