ഭര്‍ത്താവിന് സ്ത്രീധനത്തില്‍ യാതൊരു നിയന്ത്രണമോ അവകാശമോ ഇല്ലെന്ന് സുപ്രീം കോടതി. ബുദ്ധിമുട്ടേറിയ സമയത്ത് ഭാര്യക്ക് മാതാപിതാക്കള്‍ നല്‍കിയ സ്ത്രീധനം ഉപയോഗിച്ചാലും അത് തിരികെ നല്‍കാനുള്ള ബാധ്യതയുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കര്‍ ദത്തയും അടങ്ങുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്.
ഭാര്യയുടെ സ്വത്ത് ഭാര്യയുടെയും ഭര്‍ത്താവിന്റെയും സംയുക്ത സ്വത്തായി മാറുന്നില്ല. വിവാഹത്തിന് മുമ്പോ വിവാഹസമയത്തോ അതിനുശേഷമോ ഒരു സ്ത്രീക്ക് സമ്മാനിച്ച സ്വത്തുക്കള്‍ അവളുടെ സ്ത്രീധന സ്വത്താണ്. സ്വന്തം ഇഷ്ടപ്രകാരം ഇത് വിനിയോഗിക്കാനുള്ള എല്ലാ അവകാശങ്ങളും ഭാര്യക്കാണെന്നും കോടതി വ്യക്തമാക്കി.
മാതാപിതാക്കള്‍ നല്‍കിയ സ്ത്രീധനം മടക്കി നല്‍കണമെന്നാവശ്യപ്പെട്ട് മലയാളി യുവതി കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് വിഷയത്തില്‍ കോടതിയുടെ ഉത്തരവ്.