മുഹമ്മദ് നബിക്കെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയെന്നാരോപിച്ച് ഹൈദരാബാദിലെ ഒരു കോളേജ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചു. നവംബർ ഒന്നിനാണ് സംഭവം നടന്നത്. ഐഎഫ്എച്ച്ഇയിൽ ബിരുദ നിയമ വിദ്യാർത്ഥിയായ ഹിമാങ്ക് ബൻസാലാണ് സഹപാഠികളിൽ നിന്ന് ക്രൂരമായ മർദ്ദനത്തിന് ഇരയായത്. നവംബർ 11നാണ് വിദ്യാർത്ഥി പരാതി നൽകിയത്.
തന്നെ അക്രമികൾ തള്ളിയിടുകയും പിന്നീട് മുഖത്ത് അടിക്കുകയും, വയറിൽ ചവിട്ടുകകയും, ജനനേന്ദ്രിയത്തിൽ പിടിക്കുകയും, ചില രാസവസ്തുക്കളും പൊടികളും ബലമായി നൽകുകയും ചെയ്തുവെന്നും വിദ്യാർത്ഥി പരാതിയിൽ പറയുന്നു. “അവർ എന്റെ വസ്ത്രങ്ങൾ വലിച്ചുകീറാൻ ശ്രമിച്ചു. എന്നെ നഗ്നനാക്കി, ഒന്നിനുപുറകെ ഒന്നായി മർദ്ദിച്ചു. മരിക്കുന്നത് വരെ അവനെ അടിക്കൂ എന്ന് അവർ ആക്രോശിച്ചു” – ഹിമാങ്ക് ബൻസാൽ പറഞ്ഞു.
ആക്രമണത്തിന്റെ വീഡിയോകളും ഫോട്ടോകളും കോളേജ് വിദ്യാർത്ഥികൾക്കിടയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. അക്രമികൾ വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തിയതായി പോലീസ് പറഞ്ഞു.