രാജ്യത്തെ ജുഡീഷ്യറിയുടെ അവസ്ഥ കണ്ട് അപമാനഭാരത്താല്‍ തലകുനിക്കുന്നുവെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ എം പി. ജുഡീഷ്യറിയിലെ ചിലര്‍ ഈ സംവിധാനത്തെ ഇടിച്ച് താഴ്ത്തുകയാണെന്നും സിബല്‍ ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
നിയമവ്യവസ്ഥയുടെ ലംഘനം രക്ഷകരാകേണ്ട കോടതി കണ്ടില്ലെന്ന് വയ്ക്കുന്നത് പലപ്പോഴും അത്ഭുതപ്പെടുത്തി. അഭിപ്രായ സ്വാതന്ത്ര്യത്തിന് നല്‍കേണ്ട ഇടം ഇടിക്കുന്ന വ്യാഖ്യാനം സുപ്രീംകോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത് നിര്‍ഭാഗ്യകരമെന്നും സിബല്‍ പറഞ്ഞു.
ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണു രാജ്യത്തു നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ജനാധിപത്യ സ്ഥാപനങ്ങള്‍ പലതും നശിപ്പിച്ചു. നിയമവാഴ്ച പ്രതിദിനം തകര്‍ന്നടിയുകയാണ്. കോണ്‍ഗ്രസ് മുക്ത ഭാരതം എന്നതില്‍നിന്ന് അവര്‍ പ്രതിപക്ഷ മുക്ത ഭാരതം എന്ന തലത്തിലേക്കു നീങ്ങിയിരിക്കുകയാണെന്നും കപില്‍ കുറ്റപ്പെടുത്തി.
അന്‍പതു വര്‍ഷമായി നിയമവ്യവസ്ഥയുടെ ഭാഗമാണ്. പക്ഷേ ഇപ്പോഴത്തെ ഈ അവസ്ഥയില്‍ അങ്ങേയറ്റം ലജ്ജാകരമായ നിലയില്‍ തല താഴ്ത്തിപ്പോകുകയാണ്. അദ്ദേഹം പറഞ്ഞു.