ബിബിസി (ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്‍) യുടെ ന്യൂഡല്‍ഹി, മുംബൈ ഓഫീസുകളില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന. ഇന്ന് രാവിലെ 11.30 ഓടെയാണ് പരിശോധനയ്ക്കായി ഉദ്യോഗസ്ഥരെത്തിയത്. പ്രധാനപ്പെട്ട രേഖകളും മാധ്യമപ്രവര്‍ത്തകരുടെ ഫോണുകളും ഉള്‍പ്പടെ പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ നടക്കുന്നത് സര്‍വേയാണെന്നും പരിശോധനയല്ലെന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. ജീവനക്കാരുടെ ഫോണുകള്‍ തിരികെ നല്‍കുമെന്നും ഇവര്‍ പറഞ്ഞു. ചില കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനാണ് ബിബിസി ഓഫീസില്‍ സര്‍വേ നടത്തുന്നത്. അക്കൗണ്ട് ബുക്ക് ഉള്‍പ്പടെ പരിശോധിക്കുന്നുണ്ട്. എന്നാല്‍ ഇത് റെയ്ഡ് അല്ലെന്നും ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.
ഗുജറാത്ത് കലാപത്തില്‍ മോദിയുടെ പങ്ക് ആരോപിക്കുന്ന ഡോക്യുമെന്ററി ബിബിസി പുറത്തുവിട്ട് ആഴ്ചകള്‍ക്ക് ശേഷമാണ് പരിശോധന നടക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച, ഇന്ത്യയില്‍ ബിബിസി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു.
‘ഇന്ത്യ ദി മോദി ക്വസ്റ്റിയന്‍’ എന്ന ബിബിസി ഡോക്യുമെന്ററി രണ്ട് ഭാഗങ്ങളായാണ് പുറത്ത് വന്നത്. ആദ്യ ഭാഗം ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ളതായിരുന്നു. രണ്ടാം ഭാഗത്തില്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിന് ശേഷമുള്ള സംഭവ വികാസങ്ങളാണ് വിശദീകരിച്ചിരിക്കുന്നത്.