Thursday, February 27, 2025

“സ്ത്രീകളെ ദൈവം സൃഷ്ടിക്കാതിരുന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു”- വേദനയോടെ അഫ്ഗാൻ യുവതി

“അവർ ഞങ്ങളോട് മൃഗങ്ങളെക്കാൾ മോശമായി പെരുമാറുന്നു. മൃഗങ്ങൾക്ക് സ്വന്തമായി എവിടെയും പോകാം, പക്ഷേ ഞങ്ങൾ പെൺകുട്ടികൾക്ക് വീട്ടിൽ നിന്ന് ഇറങ്ങാൻ പോലും അവകാശമില്ല.” അഫ്ഗാനിസ്ഥാനിൽ നിന്നുള്ള പത്തൊൻപതുകാരിയായ യുവതിയുടെ വേദനയോടെ ഉള്ള വാക്കുകൾ ആണ് ഇത്. ഹയർ സെക്കണ്ടറി പഠനം കഴിഞ്ഞു സർവകലാശാല പഠനത്തിനായി ഒരുങ്ങിയിരുന്ന ഈ പെൺകുട്ടിയുടെ സ്വപ്നങ്ങൾക്ക് ഏറ്റ പ്രഹരമായിരുന്നു സർവകലാശാലകളിൽ സ്ത്രീകൾക്ക് ഏർപ്പെടുത്തിയ വിലക്ക്.

ഈ നാട്ടിൽ തങ്ങളുടെ സ്വപ്‌നങ്ങൾ ചിറകരിഞ്ഞു വീഴപ്പെടുകയാണ് എന്ന് പെൺകുട്ടി ബിബിസിയോട് വെളിപ്പെടുത്തുന്നു. “ദൈവം സ്ത്രീകളെ സൃഷ്ടിക്കാതിരുന്നിരുന്നു എങ്കിലെന്ന് ഞാൻ അതിയായി ആഗ്രഹിക്കുന്നു. ഒരു ഭാഗ്യവുമില്ലാത്ത ആളുകളാണ് ഇവിടുത്തെ സ്ത്രീകൾ. നിർഭാഗ്യങ്ങൾക്കു നടുവിലാണ് ഞങ്ങൾ. അവരെ (താലിബാനെ) എതിർത്താൽ പിന്നെ ആരും ജീവനോടെ കാണില്ല”- സുരക്ഷാ കാരണങ്ങളാൽ പേര് വെളിപ്പെടുത്തുവാൻ തയ്യാറാകാത്ത പെൺകുട്ടി ഏറെ വേദനയോടെ പറയുന്നു.

അഫ്ഗാനിസ്ഥാനിൽ ഇന്ന് പല പെൺകുട്ടികളും ആഗ്രഹിക്കുന്ന ഒന്നാണ് തങ്ങൾ ജനിക്കാതിരുന്നെങ്കിൽ എന്നത്. കാരണം താലിബാൻ ഭരണത്തിന് കീഴിൽ അവരുടെ ജീവിതം അത്രമാത്രം ദുസ്സഹമായി മാറിയിരിക്കുകയാണ്. പൊതു സ്ഥലങ്ങളിൽ ഇറങ്ങുവാനോ, എന്തിനു അടിസ്ഥാന അവകാശമായ വിദ്യാഭാസത്തിനോ പോലുമുള്ള അവകാശങ്ങൾ നിഷേധിക്കപ്പെട്ടു കഴിയുകയാണ് അവർ.

Latest News