സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന സിവില്‍ സര്‍വീസ് അക്കാദമിയില്‍ 50 ശതമാനം സീറ്റുകളും മുസ്ലിങ്ങള്‍ക്ക് നീക്കിവച്ച സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി. അഡ്വ. അരുണ്‍ റോയി നല്കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ച ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുള്‍പ്പെട്ട ബെഞ്ച് സര്‍ക്കാരിന് നോട്ടീസയച്ചു. പത്തു ദിവസത്തിനകം മറുപടി നല്കണം. സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചിന്റെ (ഐസിഎസ്ആര്‍) മലപ്പുറം ശാഖയിലാണ് മൊത്തമുള്ള സീറ്റുകളുടെ നേര്‍ പകുതിയും മുസ്ലിങ്ങള്‍ക്കു മാറ്റിവച്ചത്.
2009 ല്‍ തുടങ്ങിയ സ്ഥാപനത്തില്‍ 2010 ല്‍ സര്‍ക്കാര്‍ ഉത്തരവിനെത്തുടര്‍ന്നാണ് പകുതി സീറ്റുകളും ഒരു വിഭാഗത്തിന് മാറ്റിവച്ചതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. പട്ടികജാതി വിഭാഗങ്ങള്‍ക്ക് പത്തു ശതമാനം പതിവു സംവരണവുമുണ്ട്. 61,000 രൂപയാണ് ഫീസ്. സംവരണമുള്ള ആരും ഫീസ് നല്കേണ്ട. 50 ശതമാനം സംവരണമുള്ളതിനാല്‍ മുസ്ലീങ്ങളും ഫീസ് നല്കേണ്ട.
മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനയുടെ 14, 15 വകുപ്പുകളുടെ ലംഘനമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. മതം, ജാതി, ലിംഗം, വര്‍ഗം, വര്‍ണം, ജന്മസ്ഥലം എന്നിവയുടെ പേരില്‍ ഒരു വിവേചനവും പാടില്ലെന്നാണ് വകുപ്പ് 15(എ)യില്‍ പറയുന്നത്. അതിനാല്‍ മതപരമായ സംവരണം ഭരണഘടനാ ലംഘനമാണ്.
ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് 80:20 എന്ന അനുപാതത്തില്‍ നല്കുന്നത് വിവേചനമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി റദ്ദാക്കിയിരുന്നതായി അഡ്വ. എസ്. പ്രശാന്ത് വഴി നല്കിയ ഹര്‍ജിയില്‍ പറയുന്നു. സിവില്‍ സര്‍വീസില്‍ മുസ്ലിം സമുദായത്തിന് മതിയായ പ്രാതിനിധ്യമുണ്ടെന്നും അതിനാല്‍ പകുതി സീറ്റും അവര്‍ക്ക് മാറ്റിവയ്ക്കേണ്ടതില്ലെന്നും ഹര്‍ജിയിലുണ്ട്. ഇതുവഴി ഹിന്ദുക്കളിലെയും ക്രിസ്ത്യാനികളിലെയും മികച്ച പിന്നാക്ക വിദ്യാര്‍ഥികള്‍ക്കാണ് അവസരം നഷ്ടപ്പെടുന്നത്.
സമ്പന്നരായ മുസ്ലീങ്ങള്‍ക്കുപോലും ഫീസ് ഇളവ് ലഭിക്കുകയാണ്. നികുതിദായകരുടെ പണമാണ് ഇങ്ങനെ ഭരണഘടനാ വിരുദ്ധമായി ഒരു മതത്തിലുള്ളവര്‍ക്ക് മാത്രമായി ചെലവിടുന്നത്, ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.