ഉക്രൈനിലെ സിവിലിയന്‍സിനെ ലക്ഷ്യമിട്ട് റഷ്യ നടത്തിയ ആക്രമണങ്ങളില്‍ റഷ്യയുടെ മുന്‍ പ്രതിരോധ മന്ത്രിക്കും സൈനിക മേധാവിക്കുമെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐസിസി)യുടെ അറസ്റ്റ് വാറണ്ട്. 2022 ഒക്ടോബര്‍ പത്ത് മുതല്‍ 2023 മാര്‍ച്ച് ഒന്‍പത് വരെ ഉക്രൈനില്‍ റഷ്യന്‍ സായുധ സേന നടത്തിയ മിസൈല്‍ ആക്രമണങ്ങളുടെ ഉത്തരവാദികള്‍ ഇവരാണെന്നതിന് വിശ്വസനീയമായ കാരണങ്ങളുണ്ടെന്നെ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ജഡ്ജിമാര്‍ പറഞ്ഞു. മുന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷോയിഗുവും ജനറല്‍ വലേരി ഗെരാസിമോവും യുദ്ധക്കുറ്റങ്ങളും മനുഷ്യത്വ വിരുദ്ധമായ കുറ്റകൃത്യങ്ങളും ചെയ്തതായി ഐസിസി വ്യക്തമാക്കി.
ഈ കാലയളവില്‍ നിരവധി ഇലക്ട്രിക് പവര്‍ പ്ലാന്റുകള്‍ക്കും ഉപസ്റ്റേഷനുകള്‍ക്കുമെതിരെ റഷ്യന്‍ സായുധ സേന നിരവധി ആക്രമണങ്ങള്‍ നടത്തി. ഈ ഉപരോധം സിവിലിയന്‍ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ളതാണെന്ന് വിശ്വസിക്കാന്‍ ന്യായമായ കാരണങ്ങളുണ്ടെന്നും കോടതി കണ്ടെത്തി.
എന്നാല്‍ ഉക്രൈനിന്റെ ഊര്‍ജ കേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ സൈനിക നടപടി നിയമാനുസൃതമാണെന്ന് റഷ്യ ആവര്‍ത്തിച്ചു. സാധാരണക്കാരെ ഇതിലൂടെ ലക്ഷ്യമിട്ടില്ലെന്നും റഷ്യ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം റഷ്യന്‍ പ്രസിഡന്റ് പുടിനെതിരെയും ഐസിസി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഉക്രൈനില്‍ നിന്ന് കുട്ടികളെ തട്ടിക്കൊണ്ട് പോയതില്‍ പുടിന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ് വാറണ്ട്.
ഉക്രൈനിലെ സിവിലിയന്‍സിന് നേരെയുള്ള ആക്രമണങ്ങളില്‍ രണ്ട് സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരെയും ഐസിസി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.