Monday, November 25, 2024

ക്രൈസ്തവ വിശ്വാസത്തിന്റെ പേരിൽ പീഡനങ്ങൾ നേരിടുന്ന രാജ്യങ്ങളുടെ പുതുക്കിയ ലിസ്റ്റ് പുറത്തിറക്കി ഐ.സി.സി

ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ (ഐ.സി.സി) അതിന്റെ 2023 -ലെ പെർസിക്യൂട്ടേഴ്സ് ഓഫ് ദ ഇയർ റിപ്പോർട്ട് പുറത്തിറക്കി. 88 പേജുകളുള്ള റിപ്പോർട്ടിൽ, ക്രിസ്ത്യാനികളെ അവരുടെ വിശ്വാസം ആചരിക്കുന്നതിന്റെപേരിൽ ഉപദ്രവിക്കുകയും തടവിലിടുകയും പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന രാജ്യങ്ങൾ, സ്ഥാപനങ്ങൾ/ ഗ്രൂപ്പുകൾ, വ്യക്തികൾ എന്നിവരെ പേരെടുത്തുപറയുന്നു.

ലോകമെമ്പാടുമുള്ള 200 മുതൽ 300 ദശലക്ഷംവരെ പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികളുണ്ടെന്ന് കണക്കുകൾ വെളിപ്പെടുത്തുന്നു. “പാശ്ചാത്യരെ ഉണർത്താനും അവരുടെ മതവിശ്വാസങ്ങളുടെപേരിൽ വ്യക്തികളെ തടവിലിടുകയും പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കാൻ നിയമനിർമ്മാതാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഈ റിപ്പോർട്ടിൽ പീഡകരുടെ തിന്മകൾ ഞങ്ങൾ തുറന്നുകാട്ടുന്നു. 2023 -ലെ പെർസിക്യൂട്ടേഴ്സ് ഓഫ് ദി ഇയർ റിപ്പോർട്ട് ക്രിസ്ത്യാനികളെ പിന്തുണയ്ക്കാനും സംരക്ഷിക്കാനും രൂപകല്പന ചെയ്ത ഒരു വിഭവമാണ്; എന്നാൽ ഇത് മതസ്വാതന്ത്ര്യത്തിനുള്ള ദൈവം നൽകിയ അവകാശം നിഷേധിക്കപ്പെടുന്ന എല്ലാ മതക്കാരെയും പിന്തുണയ്ക്കുന്നു” – ഐ.സി.സി പ്രസിഡന്റ് ജെഫ് കിംഗ് പറയുന്നു.

2023 -ലെ റിപ്പോർട്ടിൽ നൈജീരിയ, ഉത്തര കൊറിയ, ഇന്ത്യ എന്നിവയെകൂടാതെ മറ്റു പല രാജ്യങ്ങളും ഉൾപ്പെടുന്നു. അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സ്, അൽ-ഷബാബ്, ഫുലാനി മിലിറ്റന്റ്‌സ്, സഹേൽ ടെറർ ഗ്രൂപ്പുകൾ, താലിബാൻ, തത്മദാവ് (ബർമീസ് ആർമി) തുടങ്ങിയ ഗ്രൂപ്പുകൾ വിശ്വാസത്തിന്റെ പേരിൽ ക്രൈസ്തവരെ പീഡിപ്പിക്കുന്ന ഗ്രൂപ്പുകളായി ഉൾപ്പെടുത്തിയിരിക്കുന്നു. യോഗി ആദിത്യനാഥ്, ഷി ജിൻപിംഗ്, കിം ജോങ് ഉൻ എന്നിവരെ മതപീഡകരുടെ പട്ടികയിൽ പരാമർശിക്കുന്നു.

Latest News