നേപ്പാളിലെ മതസ്വാതന്ത്ര്യത്തിന്റെ തകർച്ചയെക്കുറിച്ചുള്ള റിപ്പോർട്ട് പുറത്തുവിട്ട് ഐ.സി.സി. ന്യൂനപക്ഷസമുദായങ്ങളെ അടിച്ചമർത്തുന്ന നിയമങ്ങളുടെയും സാമൂഹികമാനദണ്ഡങ്ങളുടെയും സംയോജനത്തിലൂടെ, ഹൈന്ദവവിശ്വാസത്തിനു പുറത്തുള്ളവർക്ക് ജീവിക്കാൻ പ്രയാസമുള്ള സ്ഥലമാണ് നേപ്പാൾ എന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നു.
ക്രിസ്ത്യാനികളും മറ്റ് മതന്യൂനപക്ഷങ്ങളും അവരെ സമൂഹത്തിലെ തുല്യ അംഗങ്ങളായി പരിഗണിക്കുന്നതിൽ പരാജയപ്പെടുന്ന ഒരു വ്യവസ്ഥിതിയിൽ സാമൂഹിക ആക്രമണത്തിന്റെയും നിയമപരമായ ബഹിഷ്കരണത്തിന്റെയും സംയുക്തഭീഷണി നേരിടുന്നു. 2023 ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ, ക്രിസ്ത്യൻ അധികാരികളെയും പള്ളികളെയും ആക്രമിച്ച നിരവധി സംഭവങ്ങൾ നേപ്പാളിൽ അരങ്ങേറി. മതവിഭാഗങ്ങൾ തമ്മിലുള്ള വിള്ളലുകൾ ആഴത്തിലാക്കുകയും ന്യൂനപക്ഷങ്ങളെ കൂടുതൽ ഭീതിയിലാഴ്ത്തുകയും ചെയ്തു.
നേപ്പാളിന്റെ ജനറൽ കോഡിൽ മതംമാറ്റത്തിനെതിരായ കർശനമായ നിരോധനങ്ങൾ അടങ്ങിയിരിക്കുന്നു. ഒരു വിദേശിയുടെ കാര്യത്തിൽ ആറുവർഷംവരെ തടവും നാടുകടത്തലുംവരെ ശിക്ഷലഭിക്കാവുന്ന ഒരു പ്രവൃത്തിയാക്കി മതപരിവർത്തനം മാറ്റിയിരുന്നു. 2017-ലെ ദേശീയ ശിക്ഷാനിയമം, ഒരാളുടെ വിശ്വാസം പങ്കിടുന്നത് ക്രിമിനൽ കുറ്റമായി പ്രഖ്യാപിച്ചു. “ഒരു വ്യക്തിയും ഒരു മതത്തിൽപെട്ട ഒരാളെ മറ്റൊരു മതത്തിലേക്ക് പരിവർത്തനം ചെയ്യരുത്” അല്ലെങ്കിൽ “മറ്റുള്ളവരുടെ മതത്തെ ശല്യപ്പെടുത്തരുത്” എന്നാണ് നേപ്പാൾ ഭരണഘടന പറയുന്നത്.
അവർക്കെതിരെയുള്ള സാമൂഹികവും നിയമപരവുമായ സമ്മർദ്ദങ്ങൾക്കിടയിലും നേപ്പാളിലെ മത-സിവിൽ സൊസൈറ്റി സംഘടനകൾ രാജ്യത്ത് മതസ്വാതന്ത്ര്യം മുന്നോട്ട് കൊണ്ടുപോകുന്നതിന് സൗഹൃദസർക്കാർ ഉദ്യോഗസ്ഥരുമായി സജീവമായി പ്രവർത്തിക്കുന്നു. 2023 ജൂണിൽ, നേപ്പാളിലെ ക്രിസ്ത്യൻ സമൂഹങ്ങളുടെ ഒരു കൂട്ടുകെട്ട് കാഠ്മണ്ഡുവിൽ ഹിന്ദു, ബുദ്ധ, കിരാത്, ക്രിസ്ത്യൻ മതങ്ങളിൽനിന്നുള്ള പ്രതിനിധികൾ ഉൾപ്പെടുന്ന ഒരു വലിയ സർവമതസമ്മേളനം സംഘടിപ്പിച്ചിരുന്നു.