ഇന്ത്യയില്‍ വ്യാപകമായി ക്രൈസ്തവര്‍ക്കുനേരെയുള്ള ആക്രമണം വര്‍ധിച്ചുവരികയാണ്. ഏതാനും മാസങ്ങളായി ഛത്തീസ്ഗഡിലെ കര്‍ഷകരായ ക്രൈസ്തവര്‍ക്കുനേരെ, അവരുടെ വിളകള്‍ നശിപ്പിക്കുന്നതരത്തിലുള്ള ആക്രമണങ്ങള്‍ തീവ്ര ഹിന്ദുത്വവാദികള്‍ നടത്തിയിരുന്നു. ഇത്തരത്തില്‍ കൃഷിമേഖലയില്‍ ആക്രമണങ്ങളെ നേരിടുന്ന ക്രൈസ്തവരെ സഹായിക്കുകയാണ് ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ (ഐ.സി.സി) എന്ന സംഘടന.
‘ഞങ്ങള്‍ കഴിഞ്ഞ വര്‍ഷം നല്ല വിളകള്‍ നട്ടുവളര്‍ത്തിയിരുന്നു. പെട്ടെന്ന് ഒരു ദിവസം, ഞങ്ങള്‍ക്കെതിരെ അക്രമം നടന്നു. എല്ലാ വിളകളും മൃഗങ്ങള്‍ക്കു തിന്നാന്‍പാകത്തിന് അവര്‍ ഞങ്ങളുടെ വേലികള്‍ നശിപ്പിച്ചു. ഞാന്‍ കഠിനാധ്വാനം ചെയ്തുവളര്‍ത്തിയ വിളകളെല്ലാം മൃഗങ്ങള്‍ തിന്നുകളഞ്ഞു’ – ഒരു കര്‍ഷകന്‍ പറഞ്ഞു. ഇത് ഒരാളുടെ മാത്രം അനുഭവമല്ല. നാളുകളായി ഛത്തീസ്ഗഡിലെ ക്രൈസ്തവരായ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നമാണ്. തല്‍ഫലമായി പല കര്‍ഷക കുടുംബങ്ങളും പട്ടിണിയിലായി. പുതിയ കൃഷിയിറക്കാന്‍ ആവശ്യമായ വിത്തുകളോ, വളമോ, അതിനു മുടക്കാന്‍ പണമോ ഇല്ലാതെ കഷ്ടപ്പെടുന്ന അനേകം കര്‍ഷകര്‍ക്കാണ് ഐ.സി.സി ആശ്വാസമായി മാറിയത്.
ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ (ഐ.സി.സി) കമ്മ്യൂണിറ്റിയിലെ 50 കര്‍ഷകര്‍ക്ക് (അവരുടെ കുടുംബങ്ങളെയും) അവരുടെ കൃഷിയിടങ്ങളിലേക്ക് ആവശ്യമുള്ള വിത്തും വളവും വാങ്ങിക്കാന്‍ സഹായിച്ചു. തല്‍ഫലമായി അവര്‍ക്ക് വീണ്ടും തങ്ങളുടെ വരുമാനമാര്‍ഗം കണ്ടെത്താന്‍ കഴിഞ്ഞു. എങ്കിലും തുടര്‍ ആക്രമണങ്ങളുടെ ഭീതിയിലാണ് ഇവര്‍. ഛത്തീസ്ഗഡില്‍ ക്രിസ്ത്യാനികള്‍ നേരിടുന്ന വര്‍ധിച്ചുവരുന്ന മതപീഡനം വലിയൊരു ആശങ്കയായി മാറിയിരിക്കുകയാണ്.