Wednesday, November 27, 2024

ആദ്യയാത്ര ആരംഭിച്ച് ലോകത്തിലെ ഏറ്റവും വലിയ കപ്പലായ ‘ഐക്കണ്‍ ഓഫ് ദി സീസ്’

ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പലായ ‘ഐക്കണ്‍ ഓഫ് ദി സീസ്’ ആദ്യയാത്ര മിയാമിയില്‍ നിന്ന് ശനിയാഴ്ച്ച ആരംഭിച്ചു. ഈ ആഢംബരക്കപ്പലിന്റെ നീളം 365 മീറ്ററാണ്. അമേരിക്കന്‍ കമ്പനിയായ റോയല്‍ കരീബിയന്‍ ഇന്റര്‍നാഷണലാണ് കപ്പലിന്റെ ഉടമകള്‍. അവധിക്കാലം ആസ്വദിക്കാനായി നിരവധി സൗകര്യങ്ങളാണ് കപ്പലില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഏകദേശം രണ്ട് ബില്യണ്‍ ഡോളറാണ് കപ്പലിന്റെ വില. ഐക്കണ്‍ ഓഫ് ദി സീസിന്റെ 20 നിലകളില്‍ 18 എണ്ണം യാത്രക്കാര്‍ക്ക് അനുവദിച്ചിട്ടുള്ളതാണ്. കപ്പലില്‍ ആറ് വാട്ടര്‍ സ്ലൈഡുകള്‍, ഏഴ് സ്വിമ്മിംഗ് പൂളുകള്‍, ഒരു ഐസ് സ്‌കേറ്റിംഗ് റിങ്ക്, ഒരു തിയേറ്റര്‍, 40 ലധികം റെസ്റ്റോറന്റുകള്‍, ബാറുകള്‍, ലോഞ്ചുകള്‍ എന്നിവ ഉള്‍പ്പെടുന്നുണ്ട്. 55 അടിയോളമുള്ള ആറ് വെള്ളച്ചാട്ടങ്ങളുമുണ്ട്. കപ്പലിന് പരമാവധി ശേഷിയില്‍ 7,600 യാത്രക്കാരെയും 2,350 ജീവനക്കാരെയും വഹിക്കാനാകും. 2,350 ജീവനക്കാരുടെ സേവനമാണ് കപ്പലില്‍ ഉണ്ടാക്കുക.

ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പല്‍ യാത്ര അത്യാഢംബരം തന്നെയാണ്. പടിഞ്ഞാറന്‍ കരീബിയനില്‍ 7 രാത്രികള്‍ ഉള്‍ക്കൊള്ളുന്ന യാത്ര ഫ്‌ലോറിഡയിലെ മിയാമിയിലാണ് ആരംഭിച്ചത്. 2024 ജനുവരി 10നാണ് കപ്പല്‍ ആദ്യമായി മിയാമി തുറമുഖത്ത് പ്രവേശിച്ചത്. അവിടെ നിന്ന് തന്നെയാണ് കപ്പല്‍ കന്നി യാത്ര ആരംഭിച്ചതും. റോയല്‍ കരീബിയന്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം ഒരാള്‍ക്ക് 1.5 മുതല്‍ 2 ലക്ഷം വരെ യാത്രയ്ക്ക് ചെലവാകും. എന്നാല്‍ സീസണ്‍ അനുസരിച്ച് വിലയില്‍ കുറവ് ഉണ്ടായേക്കാനും സാധ്യത ഉണ്ടെന്നും അവര്‍ പറയുന്നുണ്ട്. 2022ലാണ് കപ്പല്‍ യാത്രയ്ക്കുള്ള ബുക്കിംഗ് ആരംഭിച്ചത്. റോയല്‍ കരീബിയന്റെ 53 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ ബുക്കിങ്ങാണ് 2022 ഒക്ടോബറില്‍ ലഭിച്ചിരുന്നതെന്നും കമ്പനിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.

Latest News