Tuesday, November 26, 2024

ഇഡി മേധാവി സഞ്ജയ് കുമാർ മിശ്രയുടെ കാലാവധി നീട്ടി

ദേശീയ താത്പര്യം മുന്‍നിര്‍ത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് മേധാവി സ്ഥാനത്ത് തുടരാന്‍ സഞ്ജയ് കുമാർ മിശ്രയുടെ കാലാവധി നീട്ടി നല്‍കി സുപ്രീം കോടതി. സെപ്റ്റംബർ 15 വരെയാണ് ഇഡി മേധാവിക്ക് തല്‍സ്ഥാനത്തു തുടരാന്‍ പരമോന്നത കോടതി അനുമതി നല്‍കിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്‍റെ പ്രത്യേക അപേക്ഷയും പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.

ഇഡി മേധാവിയുടെ കാലാവധി നീട്ടുന്നത് നിയമവിരുദ്ധമാണെന്നും 2021ലെ കോടതി വിധിയുടെ ലംഘനമാണെന്നും നേരത്തെ കോടതി വ്യക്തമാക്കിയിരുന്നു. അതിനാല്‍ ജൂലൈ 31 വരെ ഇഡി സ്ഥാനത്ത് തുടരാനാണ് മിശ്രയ്ക്ക് അനുമതി നൽകിയിരുന്നത്. എന്നാല്‍ നിലവിൽ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്റെ (എഫ്‌എടിഎഫ്) അവലോകനം നടന്നു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ മിശ്രയെ ഒഴിവാക്കുന്നത് പ്രതികൂലമാകുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് ിഡി മേധാവിയുടെ കാലാവധി സെപ്റ്റംബര്‍ വരെ നീട്ടി നല്‍കിയത്.

കേന്ദ്രത്തിന്റെ അപേക്ഷ പരിഗണിച്ചത് രാജ്യതാൽപ്പര്യം കണക്കിലെടുത്താണെന്ന് മിശ്രയുടെ കാലാവധി നീട്ടിക്കൊണ്ട് സുപ്രീം കോടതി പറഞ്ഞു. ഒക്ടോബർ 15 വരെ കാലാവധി നീട്ടി നല്‍കണമെന്നായിരുന്നു കേന്ദ്ര സർക്കാർ ആവശ്യം. രാജ്യത്തുടനീളമുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസുകളിലെ അന്വേഷണങ്ങളുടെയും, നടപടികളുടെയും സ്ഥിതിയും, ഇവയുടെ സങ്കീർണതകളെക്കുറിച്ചും നന്നായി അറിയാവുന്നതിനാൽ മിശ്രയെ പോലെയൊരു വ്യക്തി ഇഡി മേധാവിയായി പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണെന്നും സർക്കാർ അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Latest News