ശനിയാഴ്ച രാത്രി വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയിൽ നടന്ന ഐ. ഡി. എഫ്. (ഇസ്രായേൽ ഡിഫൻസ് ഫോഴ്സ്) ആക്രമണത്തിൽ 87 പേർ കൊല്ലപ്പെട്ടതായുള്ള, ഹമാസിന്റെ നേതൃത്വത്തിലുള്ള ഇൻഫർമേഷൻ മന്ത്രാലയത്തിന്റെ റിപ്പോർട്ട് അതിശയോക്തിപരമാണെന്ന വെളിപ്പെടുത്തലുമായി ഐ. ഡി. എഫ്. വക്താവ്.
ഹമാസ് ഇൻഫർമേഷൻ ഓഫീസിൽ നിന്നുള്ളതടക്കം, പല ഉറവിടങ്ങളിൽനിന്നുള്ള ഹ്യൂമൻ കാഷ്വാലിറ്റീസിന്റെ കണക്കുകൾ വ്യത്യസ്തമാണെന്ന് ഇസ്രായേൽസേന പ്രതികരിച്ചു. ആക്രമണം നടന്ന് ഉടൻതന്നെ മരണസംഖ്യാ കണക്കുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചുതുടങ്ങിയിരുന്നു.
ഗാസയിൽ ഇസ്രായേൽ നടത്തിയ കൂട്ടക്കൊലയാണിതെന്നാണ് ഹമാസ് ആക്രമണത്തോടു പ്രതികരിച്ചത്. ഇസ്രായേൽ, വടക്കൻഗാസയിലെ ജനങ്ങളെ പിഴുതെറിയാനുള്ള ആസൂത്രിത ഓപ്പറേഷൻ നടത്തുന്നുവെന്നാണ്, യഹ്‌യ സിൻവാറിന്റെ മരണത്തിനുശേഷം അടുത്ത ഹമാസ് നേതാവാകാൻ സാധ്യതയുള്ള ആളായ ഖലീൽ അൽ-ഹയ്യ ഇതിനോടു പ്രതികരിച്ചത്.
ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങളും ഭീകരരുടെ താവളങ്ങൾ ലക്ഷ്യംവയ്ക്കുന്നതിലെ കൃത്യതയുമടക്കം ഹമാസിന്റെ മാധ്യമവിഭാഗമായി പ്രവർത്തിക്കുന്ന ഗാസയിലെ ഗവൺമെന്റ് ഇൻഫർമേഷൻ ഓഫീസ് പ്രസിദ്ധീകരിച്ച പ്രാഥമിക വിവരങ്ങൾ, ഇസ്രായേൽ സൈന്യത്തിനു ലഭ്യമായ വിവരങ്ങളുമായി പൊരുത്തപ്പെടുന്നതല്ലെന്നും ഐ. ഡി. എഫ്. വക്താവ് വ്യക്തമാക്കി.
ഹമാസ് സ്രോതസുകൾ പ്രസിദ്ധീകരിക്കുന്ന വിവരങ്ങളിൽ മാധ്യമങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഐ. ഡി. എഫ്. പറഞ്ഞു. മുൻസംഭവങ്ങളിലും ഇത് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഐ. ഡി. എഫ്. കൃത്യമായും കേന്ദ്രീകൃതമായുമാണ് പ്രവർത്തിക്കുന്നത്. സാധാരണ ജനങ്ങളെയും യുദ്ധത്തിൽ ഉൾപ്പെടാത്ത കക്ഷികളെയും ആക്രമിക്കുന്നത് ഒഴിവാക്കാൻ സൈന്യത്തിന്റെ കഴിവിന്റെ പരമാവധി ചെയ്യുന്നുണ്ടെന്നും ഐ. ഡി. എഫ്. വക്താവ് അറിയിച്ചു.
ബെയ്ത് ലാഹിയയുടെ തെക്ക് ഭാഗത്തുള്ളതും ഹമാസിന്റെ ശക്തികേന്ദ്രമായി കണക്കാക്കുന്നതുമായ ജബാലിയ അഭയാർഥിക്യാമ്പിലെ താമസക്കാർക്കിടയിലും ഹമാസ് ഭീകരർക്കിടയിലും പെരുമാറ്റത്തിൽ മാറ്റങ്ങൾ വന്നതായി ഐ. ഡി. എഫ്. ഉറവിടങ്ങൾ സ്ഥിരീകരിച്ചു. ആക്രമണങ്ങൾക്കുമുൻപ് പ്രദേശം വിട്ടുപോകണമെന്ന് ജനങ്ങളോട് ഐ. ഡി. എഫ്. അഭ്യർഥിച്ചിട്ടും ഹമാസിന്റെ സമ്മർദത്തിനു വഴങ്ങി ജബാലിയയിലെ താമസക്കാർ അവരുടെ വീടുകളിൽത്തന്നെ തുടർന്നുവെന്നും സൈന്യം കണ്ടെത്തിയിരുന്നു.