വടക്കൻ ഗാസയിൽ അവശേഷിക്കുന്ന തീവ്രവാദികളെ കീഴടക്കി ഇസ്രായേൽ സൈന്യം. വടക്കൻ ഗാസ മുനമ്പിലെ ശേഷിക്കുന്ന തീവ്രവാദികൾ ജബല്യയിൽ ഒത്തുകൂടിയ അവസരത്തിൽ, ആ സംഘത്തെ വളഞ്ഞെന്നും ഇതിൽ അറുപതോളം തീവ്രവാദികളെ കീഴ്‌പ്പെടുത്തിയെന്നും സൈന്യം തിങ്കളാഴ്ച വെളിപ്പെടുത്തി. തങ്ങളുടെ നടപടി ഭീകരരെ അത്ഭുതപ്പെടുത്തിയെന്നും സൈന്യം കൂട്ടിച്ചേർത്തു.
“ഹമാസിനെ സംബന്ധിച്ചിടത്തോളം അത്ഭുതം പൂർത്തിയായി. മുതിർന്ന പ്രവർത്തകർ ഉൾപ്പെടെ നൂറുകണക്കിനു തീവ്രവാദികളെ ഞങ്ങൾ ക്യാമ്പിനുള്ളിൽ കുടുക്കി. ഈ സംഘം കഴിഞ്ഞ ഒരാഴ്ചയായി ജനങ്ങളെ മനുഷ്യകവചമായി ഉപയോഗിക്കുകയും രക്ഷപെടാൻ ശ്രമിച്ച സാധാരണക്കാരുടെ കാലുകൾക്കുനേരെ വെടിയുതിർക്കുകയും ചെയ്തിരുന്നു” – സൈന്യം വെളിപ്പെടുത്തുന്നു.
ജബല്യയിൽ തീവ്രവാദികൾ ഒത്തുകൂടിയപ്പോൾ അവരെ വളയുകയും സാധാരണക്കാരെ ആ പ്രദേശത്തുനിന്ന് മാറ്റുകയും ചെയ്തു. മണിക്കൂറുകൾക്കുള്ളിൽ, ഒറ്റ രാത്രികൊണ്ട് സൈന്യം പ്രദേശം വളഞ്ഞു. 460-ാം, ഗിവതി, 401-ാം എന്നിങ്ങനെ മൂന്ന് ബ്രിഗേഡുകളാണ് തീവ്രവാദികളുടെ ക്യാമ്പിനെ വളഞ്ഞത്. സ്കൂളുകളിലും അഭയകേന്ദ്രങ്ങളിലുമെത്തിയ 460-ാമത് ബ്രിഗേഡ്, തീവ്രവാദികൾ തടഞ്ഞുവച്ചിരുന്ന അയ്യായിരം താമസക്കാരെ ഒഴിപ്പിക്കാൻ സഹായിച്ചതായി റിപ്പോർട്ട് ചെയ്തു.
ഏകദേശം 60 തീവ്രവാദികൾ കീഴടങ്ങുകയും നൂറുകണക്കിനുപേർ അഭയാർഥിക്യാമ്പിൽ കൊല്ലപ്പെടുകയും ചെയ്തു. 20 തീവ്രവാദികൾ ആശുപത്രിയിൽനിന്ന് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ടു എന്നും സൈന്യം അറിയിച്ചു.