കനത്ത മഴയെ തുടര്‍ന്ന് തുറന്നുവിട്ട ഇടുക്കി ചെറുതോണി അണക്കെട്ട് ത്രിവര്‍ണമണിഞ്ഞു. ഇന്നലെ രാത്രിയാണ് ഹൈടല്‍ ടൂറിസം വകുപ്പ്് അത്യാകര്‍ഷകമായി ഈ ത്രിവര്‍ണ്ണ ദൃശ്യമൊരുക്കിയത്. അണക്കെട്ടില്‍ നിന്ന് ഒഴുകുന്ന വെള്ളത്തിലാണ് പ്രത്യേക വെളിച്ച സംവിധാനത്തോടെ ദേശീയ പതാകയുടെ നിറങ്ങള്‍ ചാര്‍ത്തിയത്.
ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ രാത്രി 11ഓടെ ഇതിന്റെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെക്കുകയായിരുന്നു. ’75 ാം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചു ഇടുക്കി ചെറുതോണി അണക്കെട്ടില്‍ ഒരുക്കിയ ത്രിവര്‍ണ പതാക’ എന്ന അടിക്കുറിപ്പോടെയാണ് മന്ത്രി ചിത്രം പോസ്റ്റ് ചെയ്തത്.
കനത്ത മഴയെത്തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നത്. തുറന്ന മൂന്ന് ഷട്ടറുകളിലൂടെ പുറത്തേയ്ക്ക് ഒഴുകുന്ന വെള്ളത്തിലാണ് ദേശീയ പതാകയുടെ നിറങ്ങള്‍ പ്രതിഫലിച്ചത്.
അതേസമയം മഴയും നീരൊഴുക്കും കുറഞ്ഞതിനാല്‍ ചെറുതോണി, മുല്ലപ്പെരിയാര്‍ ഡാമുകളിലെ ജലനിരപ്പ് കുറഞ്ഞു.