ആഗോളതാപനം 1.5 ഡിഗ്രി സെൽഷ്യസ് കവിയുന്നതിനാൽ താഴ്ന്ന അക്ഷാംശപ്രദേശങ്ങളിലെ ലോകത്തിലെ വിള ഉൽപാദനത്തിന്റെ പകുതിയിലേറെയും അപകടത്തിലാകുമെന്ന് മുന്നറിയിപ്പ്. ഫിൻലാൻഡിലെ ആൾട്ടോ സർവകലാശാല, ജർമ്മനിയിലെ ഗോട്ടിംഗൻ സർവകലാശാല, സ്വിറ്റ്സർലൻഡിലെ സൂറിച്ച് സർവകലാശാല എന്നിവിടങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞർ നടത്തിയ ഗവേഷണം, 1.5-4 ഡിഗ്രി സെൽഷ്യസ് വരെയുള്ള ആഗോളതാപനത്തിന്റെ സാഹചര്യത്തിൽ 30 പ്രധാന വിളകളെ വിശകലനം ചെയ്തതിന്റെ വെളിച്ചത്തിലാണ് ഈ പഠന റിപ്പോർട്ട്.
ആഗോളതാപനം 2 ഡിഗ്രി സെൽഷ്യസിൽ കൂടുതലാണെങ്കിൽ, ആഗോള വിളനിലത്തിന്റെ 52% വിള വൈവിധ്യത്തിൽ കുറവുണ്ടാകുമെന്നും താപനം 3 ഡിഗ്രി സെൽഷ്യസിൽ കൂടുതലാണെങ്കിൽ 56% ആയി വർധിക്കുമെന്നും പഠനം കണ്ടെത്തി.
ഓരോ വിളയ്ക്കും അവയുടെ ഉൽപാദനമേഖലകളിലെ നിലവിലെ കാലാവസ്ഥയെ അടിസ്ഥാനമാക്കി ഗവേഷകർ ‘കാലാവസ്ഥാ സ്ഥാനം’ നിർവചിച്ചു. പഠനം ‘സുരക്ഷിത കാലാവസ്ഥാ ഇടം’ (SCS) എന്ന ആശയം പ്രയോഗിച്ചുകൊണ്ട്, ഓരോ വിളയുടെയും പ്രധാന ഉൽപാദനമേഖലകളുടെ നിലവിലെ കാലാവസ്ഥാ ഇടം മൂന്ന് കാലാവസ്ഥാ പാരാമീറ്ററുകൾ ഉപയോഗിച്ച് അളക്കുന്നുണ്ട്. വാർഷികമഴയുടെ ലഭ്യത, ജൈവ താപനില, വരൾച്ച എന്നിവയാണ് അവ. എസ് സി എസിനു പുറത്ത് വിളനിലങ്ങൾ മാറുമ്പോൾ അതിനെ അതിജീവിക്കാൻ മാർഗങ്ങളുണ്ടോ എന്നതാണ് ഇനി പഠനവിധേയമാക്കേണ്ടത്.